| Thursday, 6th August 2026, 1:36 pm

ബി.ജെ.പിക്ക് തിരിച്ചടി: ടോസ് നേടി അധികാരത്തിലെത്തിയ പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ടു

റെന്വര്‍ പി

പത്തനംതിട്ട: പത്തനംതിട്ടയിലെ നാരങ്ങാനം ഗ്രാമ പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടത്. ടോസ് നേടിയായിരുന്നു പഞ്ചായത്തില്‍ ബി.ജെ.പി പഞ്ചായത്തില്‍ അധികാരത്തിലെത്തിയിരുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആറ് വീതം സീറ്റുകളിലായിരുന്നു പഞ്ചായത്തില്‍ ബി.ജെ.പിയും യു.ഡി.എഫും ജയിച്ചത്. തുടര്‍ന്ന് ടോസിട്ടപ്പോള്‍ ഭരണം ബി.ജെ.പിക്ക് ലഭിക്കുകയായിരുന്നു.

രണ്ട് സീറ്റിലായിരുന്നു പഞ്ചായത്തില്‍ എല്‍.ഡി.എഫ് വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇന്ന് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫിന്റെ രണ്ട് അംഗങ്ങളും പിന്തുണച്ചതോടെ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുകയായിരുന്നു.

തങ്ങള്‍ക്ക് ടോസിലൂടെയായിരുന്നു ഭരണം നഷ്ടപ്പെട്ടതെന്നും ഇപ്പോള്‍ തങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചതോടെ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ പറ്റിയെന്നും പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രതിനിധികള്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

പഞ്ചായത്ത് ഭരണസമിതിക്കെതിരായ കൂട്ടായ വികാരം എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് അംഗങ്ങള്‍ പിന്തുണച്ചതെന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ പറഞ്ഞു. പ്രസിഡന്റ് പദവിയിലിരിക്കുന്നയാള്‍ സ്വജന പക്ഷപാതപരമായി പ്രവര്‍ത്തിച്ചതിനാല്‍ ഇടതു പക്ഷത്തിന്റെയും യു.ഡി.എഫിന്റെയും അണികള്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

പ്രസിഡന്റ് തെരഞ്ഞെടുപ്പിലായിരുന്നു 2025ല്‍ ബി.ജെ.പി ടോസ് നേടി അധികാരത്തിലെത്തിയത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും വിജയിച്ചിരുന്നു. ഇപ്പോള്‍ ബി.ജെ.പിയെ പുറത്താക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായും കോണ്‍ഗ്രസ് പ്രതിനിധികള്‍ പറഞ്ഞു.

2020ല്‍ രണ്ട് സീറ്റില്‍ മാത്രമായിരുന്നു പഞ്ചായത്തില്‍ ബി.ജെ.പി ജയിച്ചിരുന്നത്. ആറ് സീറ്റില്‍ സി.പി.ഐ.എമ്മും അഞ്ച് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സ്വതന്ത്രനുമായിരുന്നു അന്ന് ജയിച്ചത്.

Content Highlight: BJP Loss President in Naranganam Panchayath After No Confidence Motion

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more