| Thursday, 13th December 2018, 11:42 am

നിയമസഭയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ 2019ല്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ദുരന്തം: നഷ്ടമാകുക 32 സീറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രന്റ് 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചാല്‍ ബി.ജെ.പിക്ക് 32 സീറ്റുകള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലായി 62 സീറ്റുകളാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. ഇതില്‍ 32 സീറ്റുകള്‍ നഷ്ടമാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളായ ഈ മൂന്ന് സംസ്ഥാനങ്ങളും ബി.ജെ.പിയെ വലിയ തോതില്‍ സഹായിച്ചിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 65 സീറ്റുകളുള്ളതില്‍ മൂന്നെണ്ണം മാത്രമാണ് ബി.ജെ.പിക്ക് നേടാനാവാതിരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകളുടെ കണക്കുകള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈ മേഖലയില്‍ നിന്നും 33 സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നത്. ബി.ജെ.പിയുടേത് മുന്‍വര്‍ഷത്തേതിന്റെ പകുതിയായി കുറയും.

Also Read:മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യപരിഗണന നല്‍കുക ഈ രണ്ടു വിഷയങ്ങള്‍ക്കാണ്: ഭാവി പരിപാടികള്‍ വിശദീകരിച്ച് കമല്‍നാഥ്

സംസ്ഥാന തലത്തില്‍ കണക്കെടുക്കുകയാണെങ്കില്‍ രാജസ്ഥാനിലായിരിക്കും ബി.ജെ.പിക്ക് ഏറ്റവും വലിയ നഷ്ടമുണ്ടാവുക. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ മുഴുവന്‍ സീറ്റുകളും അതായത് 25 സീറ്റുകളും ബി.ജെ.പി തൂത്തുവാരിയിരുന്നു.

എന്നാല്‍ ഡിസംബര്‍ 11ലെ കണക്കു നോക്കുമ്പോള്‍ 13സീറ്റിലേക്ക് ഇത് ചുരുങ്ങും. അതായത് 12 സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടമാകും. രാജസ്ഥാനില്‍ ഒറ്റ സീറ്റുപോലും ലഭിക്കാതിരുന്ന കോണ്‍ഗ്രസ് 12 സീറ്റുകള്‍ നേടുകയും ചെയ്യും.

മധ്യപ്രദേശിലും സമാനമായ നഷ്ടങ്ങളാണ് ബി.ജെ.പിയെ കാത്തിരിക്കുന്നത്. 29 ല്‍ 27 സീറ്റിലും വിജയിച്ചാണ് മധ്യപ്രദേശില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. എന്നാല്‍ നിലവിലെ കണക്കുകള്‍ പ്രകാരം ബി.ജെ.പിക്ക് 11 സീറ്റുകള്‍ നഷ്ടമാകും.

ഛത്തീസ്ഗഢില്‍ 2014ല്‍ 11 ല്‍ പത്തു സീറ്റുകളിലും വിജയിച്ച ബി.ജെ.പിക്ക് നിലവിലെ കണക്കു പ്രകാരം അത് ഒന്നായി ചുരുങ്ങും. ബിലാസ്പൂരില്‍ മാത്രമാണ് നിലവിലെ അവസ്ഥയില്‍ ബി.ജെ.പിക്ക് ആശ്വസിക്കാന്‍ കഴിയുകയെന്നാണ് ഇന്ത്യാ ടുഡേ പറയുന്നത്.

We use cookies to give you the best possible experience. Learn more