| Thursday, 2nd August 2018, 6:48 pm

കാറടുക്കയില്‍ തകര്‍ന്നത് ബി.ജെ.പിയുടെ 18 വര്‍ഷത്തെ കുത്തക; എന്‍മകജെയിലും അവിശ്വാസത്തിന് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായി കണക്കാക്കുന്ന കാസര്‍കോട് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ ഭരണം നഷ്ടമായത് വന്‍ തിരിച്ചടിയാകുന്നു. 18 വര്‍ഷത്തെ ബി.ജെ.പിയുടെ കുത്തകയാണ് എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് തകര്‍ത്തത്. ഇതോടെ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകള്‍ മൂന്നായി ചുരുങ്ങി.

മധൂര്‍, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് ബി.ജെ.പി ഭരണമുള്ളത്. അതേസമയം എന്‍മകജെയിലും യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് അടുത്തയാഴ്ച നടക്കും.

എല്‍.ഡി.എഫിന്റെ പിന്തുണയുണ്ടായാല്‍ അവിടെയും ബി.ജെ.പിക്ക് ഭരണം നഷ്ടമാകും. ബി.ജെ.പിക്കും യു.ഡി.ഫിനും ഏഴ് വീതം സീറ്റുകളുള്ള എന്‍മകജെയില്‍ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.


Read Also :ഭരണപക്ഷത്തിന് അനുകൂലമായി പെരുമാറുന്നു; ഉപരാഷ്ട്രപതിക്കെതിരെ ഭീമ ഹരജിയുമായി പ്രതിപക്ഷം


എല്‍.ഡി.എഫിനു ഇവിടെ മൂന്ന് സീറ്റുണ്ട്. 2016 ല്‍ ഇവിടെ അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും സി.പി.ഐ.എം വിട്ടുനിന്നത് കൊണ്ട് പരാജയപ്പെടുകയായിരുന്നു. കാറഡുക്കയില്‍ യു.ഡി.ഫ് അനുകൂലിച്ചത് കൊണ്ട് എന്‍മകജെയിലെ പ്രമേയവും പാസാവാനാണ് സാധ്യത.

കാറടുക്കയില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വസ പ്രമേയം യു.ഡി.എഫ് പിന്തുണയോടെയാണ് പാസായത്. സി.പി.ഐ.എമ്മിലെ എ വിജയകുമാര്‍ ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്നക്കെതിരെ നല്‍കിയ അവിശ്വാസം ചര്‍ച്ചയ്ക്ക് ശേഷം വോട്ടിനിട്ടു. വികസനമുരടിപ്പ് ആരോപിച്ചായിരുന്നു അവിശ്വാസം കൊണ്ടുവന്നത്.

ബി.ജെ.പി ഭരണസമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസത്തിന് യു.ഡി.എഫ് അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എട്ടു വോട്ട് ലഭിച്ചു. സി.പി.ഐ.എം-4 സി.പി.ഐ.എം സ്വതന്ത്ര-1, യു.ഡി.എഫ്-2, കോണ്‍ഗ്രസ് സ്വന്തന്ത്രന്‍-1 എന്നിവരാണ് അനുകൂലിച്ചത്.

ഏഴ് ബി.ജെ.പി അംഗങ്ങളാണ് അവിശ്വാസപ്രമേയത്തെ എതിര്‍ത്തത്. ഇതോടെ പതിനെട്ട് വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യമായി. വികസനമില്ലായ്മ ചര്‍ച്ചയായ അവിശ്വാസ പ്രമേയ യോഗത്തിന് വരണാധികാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ബാലകൃഷ്ണയാണ് നേതൃത്വം നല്‍കിയത്.

Latest Stories

We use cookies to give you the best possible experience. Learn more