| Wednesday, 9th September 2026, 12:19 pm

തെരഞ്ഞെടുപ്പ് ഫണ്ടിൽ ബി.ജെ.പി മുന്നിൽ; ലഭിച്ചത് 1,473 കോടി, നീക്കിയിരിപ്പ് 7,627 കോടിയായി ഉയർന്നു

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ബി.ജെ.പിയുടെ കേന്ദ്ര ആസ്ഥാനത്തിന് ആകെ 1,472.8 കോടി രൂപ സംഭാവനയായി ലഭിച്ചു.

തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഔദ്യോഗിക ചെലവ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ പാർട്ടിയുടെ നീക്കിയിരിപ്പ് തുകയിലും വലിയ വർധനവുണ്ടായി. മാർച്ച് 15-ന് ഉണ്ടായിരുന്ന 6,722.6 കോടി രൂപയിൽ നിന്ന് മെയ് ആറ് ആയപ്പോഴേക്കും ഇത് 7,627.2 കോടി രൂപയായി ഉയർന്നു.

കേന്ദ്ര ആസ്ഥാനവും അതത് സംസ്ഥാന-ജില്ലാ ഘടകങ്ങളും ഉൾപ്പെടെ അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി ബി.ജെ.പി ആകെ 160 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ തുക വിനിയോഗിച്ചത് അസമിലാണ്, 96.3 കോടി രൂപ.

തമിഴ്നാട്ടിൽ 51.6 കോടി രൂപയും പുതുച്ചേരിയിൽ 11.9 കോടി രൂപയും ചെലവിട്ടു. ആകെ ചെലവിൽ 130.4 കോടി രൂപയോളം പൊതു പാർട്ടി പ്രചാരണങ്ങൾക്കായാണ് ഉപയോഗിച്ചത്. അതേസമയം, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവ് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അസമിലെ കണക്കുകൾ പ്രകാരം പൊതു പ്രചാരണത്തിനായി പാർട്ടി 76.7 കോടി രൂപ ചെലവഴിച്ചു. ഇതിൽ 23.1 കോടി രൂപ കേന്ദ്ര ഘടകവും ബാക്കി തുക സംസ്ഥാന ഘടകവുമാണ് വഹിച്ചത്.

സ്ഥാനാർത്ഥികൾക്കായി 19.5 കോടി രൂപയും ചെലവിട്ടു. താരപ്രചാരകരുടെ യാത്രാച്ചെലവുകൾക്കായി 27.3 കോടി രൂപയും പരസ്യങ്ങൾക്കായി 37 കോടി രൂപയും പ്രചാരണ സാമഗ്രികൾക്കായി 8.9 കോടി രൂപയും സംസ്ഥാന ഘടകത്തിന്റെ മറ്റ് ചെലവുകൾക്കായി 2.3 കോടി രൂപയുമാണ് അസമിൽ വിനിയോഗിച്ചത്.

തമിഴ്നാട്ടിൽ പൊതു പ്രചാരണത്തിനായി 44.5 കോടി രൂപയും സ്ഥാനാർത്ഥികൾക്കായി 7 കോടി രൂപയും ചെലവിടാൻ പാർട്ടി അനുമതി നൽകി. ഇതേ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേരത്തെ സമർപ്പിച്ച കണക്കുകളിൽ ആകെ 248.6 കോടി രൂപ ചെലവഴിച്ചതായാണ് വ്യക്തമാക്കിയിരുന്നത്.

Content Highlight:BJP Leads in Election Funding; Received ₹1,473 Crore, Reserves Rise to ₹7,627 Crore.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more