| Saturday, 8th November 2025, 5:00 pm

രാവിലെ ഒരു നിലപാട് ഉച്ചയ്ക്ക് മറ്റൊന്നും; കല്‍പ്പാത്തി രഥോത്സവത്തിന്റെ കൊടിയേറ്റത്തില്‍ രാഹുലിനൊപ്പം ബി.ജെ.പി നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാലക്കാട് നടന്ന എറണാകുളം-ബെംഗളൂരു വന്ദേഭാരതിന്റെ സ്വീകരണ ചടങ്ങ് ബഹിഷ്‌കരിച്ച ബി.ജെ.പി നേതാക്കള്‍ കല്‍പ്പാത്തി രഥോത്സവത്തിന്റെ കൊടിയേറ്റത്തില്‍ പങ്കെടുത്തത് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം. രാഹുല്‍ പങ്കെടുത്തെന്ന കാരണത്താലാണ് ബി.ജെ.പി നേതാക്കള്‍ വന്ദേഭാരതിന്റെ സ്വീകരണ ചടങ്ങ് ബഹിഷ്‌കരിച്ചത്.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സി. കൃഷ്ണകുമാറും അടക്കമുള്ള പ്രവര്‍ത്തകരാണ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍ ഇന്ന് (ശനി) രാവിലെ നടന്ന കൊടിയേറ്റ് ചടങ്ങില്‍ രാഹുലിനൊപ്പം പ്രശാന്ത് ശിവനും സി. കൃഷ്ണകുമാറും ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

നേതാക്കള്‍ പരസ്പരം കുറച്ചകലത്തിലാണ് നില്‍ക്കുന്നതെങ്കിലും രഥോത്സവം സംബന്ധിച്ച ചടങ്ങുകള്‍ ബഹിഷ്‌ക്കരിക്കാന്‍ ബി.ജെ.പി പാലക്കാട് നേതൃത്വത്തിന് സാധിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. രാഹുലിനോട് പാലക്കാട് ബി.ജെ.പിക്ക് രാവിലെ ഒരു നിലപാടും ഉച്ചയ്ക്ക് മറ്റൊരു നിലപാടാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

രാവിലെ ഇറങ്ങി പോകുന്നു… ഉച്ചക്ക് പങ്കെടുക്കുന്നു, ഇറങ്ങിപ്പോയാല്‍ വോട്ടുപോകും വോട്ട് വിട്ടൊരു കളിയില്ല സംഘികള്‍ക്ക്, വാക്കിന് വിലയില്ലാത്ത സംഘികള്‍, കുമ്പിടിയാ… കുമ്പിടി, രഥോത്സവം ബഹിഷ്‌കരിച്ചാല്‍ ഭക്തര്‍ ‘ഗോപി’ക്കും തുടങ്ങിയ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

പാലക്കാട് ഡിവിഷന്‍ അധികൃതരാണ് പാലക്കാട് സ്റ്റേഷനില്‍ വന്ദേഭാരതിന് സ്വീകരണം ഒരുക്കിയത്. സ്ഥലം എം.എല്‍.എയായ രാഹുല്‍ മാങ്കൂട്ടത്തിലിന് പ്രത്യേക ക്ഷണമില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചടങ്ങിലേക്ക് രാഹുല്‍ എത്തിയതോടെ ബി.ജെ.പി നേതാക്കള്‍ ഇറങ്ങിപോകുകയായിരുന്നു.

അതേസമയം ഇന്നലെ (വെള്ളി) നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തിരുന്നു. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും എം.ബി. രാജേഷും സന്നിഹിതരായിരുന്ന വേദിയിലേക്കാണ് രാഹുല്‍ എത്തിയത്.

രാഹുല്‍ പരിപാടിക്കെത്തിയതോടെ ബി.ജെ.പി കൗണ്‍സിലറായ മിനി കൃഷ്ണകുമാര്‍ വേദിയില്‍ നിന്ന് ഇറങ്ങിപോയിരുന്നു. പിന്നാലെയാണ് വന്ദേഭാരതിന്റെ സ്വീകരണ ചടങ്ങില്‍ നിന്നും ബി.ജെ.പി നേതാക്കള്‍ ഇറങ്ങിപ്പോയത്.

Content Highlight: BJP leaders joined with Rahul Mamkootathil at the flag-off of the Kalpathi Ratholsavam

We use cookies to give you the best possible experience. Learn more