| Saturday, 15th August 2026, 4:40 pm

വന്ദേമാതരം തെറ്റിച്ചൊല്ലിയും ചുണ്ടനക്കിയും ബി.ജെ.പി നേതാക്കൾ;സമൂഹ മാധ്യമങ്ങളിൽ വ്യപക വിമർശനം

കെ.എസ് ഷാബിന

കാസർഗോഡ്: രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് കേരളത്തിൽ വ്യാപക വിമർശനമാണ് നേരിടേണ്ടി വരുന്നത്. സംസ്ഥാനത്ത് ബി.ജെ.പി നേതൃത്വം നൽകിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

തൃശൂരിൽ ബി.ജെ.പി സംഘടിപ്പിച്ച ചടങ്ങിൽ മുതിർന്ന നേതാക്കൾ വന്ദേമാതരത്തിന്റെ വരികൾ തെറ്റിച്ചാണ് ആലപിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാസർഗോഡ് ജില്ലയിൽ ചില നേതാക്കൾ കടലാസിൽ എഴുതിനോക്കി പാടിയപ്പോൾ, മറ്റു ചിലർ വരികൾ അറിയാതെ ചുണ്ടനക്കുക മാത്രം ചെയ്തതും വിവാദമായി.

അതേസമയം, കോഴിക്കോട് കോർപ്പറേഷനിൽ തികച്ചും നാടകീയമായ സംഭവങ്ങളാണ് നടന്നത്. മേയറുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ ദേശീയഗാനം ആലപിച്ചപ്പോൾ, ബി.ജെ.പി കൗൺസിലർമാർ അതേസമയത്ത് തന്നെ വന്ദേമാതരം ആലപിക്കുകയാണുണ്ടായത്. ഒരേ സമയം ഇരു ഗാനങ്ങളും ഉയർന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു.

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ നിന്ന് വന്ദേമാതരം സംസ്ഥാന സർക്കാർ ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് ബി.ജെ.പി ചടങ്ങുകളിൽ വന്ദേമാതരം ആലപിച്ചത്. എന്നാൽ വന്ദേമാതരം തെറ്റിച്ചു പാടിയും, കടലാസ് നോക്കി വായിച്ചും, ചുണ്ടനക്കിയും ബി.ജെ.പി ആഘോഷം ഹസ്യാസ്പദമാക്കി എന്ന തരത്തിലാണ് സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന് ഘോരഘോരം വാദിക്കുന്ന ഭരണകക്ഷിയുടെ ‘രാജ്യസ്നേഹം’ എത്രത്തോളമുണ്ടെന്ന് ഇതോടെ വെളിവായി എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം.

Content Highlight: BJP leaders in Thrissur and Kasaragod have drawn sharp criticism on social media after mispronouncing and lip-syncing Vande Mataram during recent public events

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more