| Tuesday, 9th June 2026, 11:04 am

മുസ്‌ലിങ്ങള്‍ക്ക് ജോലി നല്‍കരുത്; സാമ്പത്തികമായി ബഹിഷ്‌ക്കരിക്കണമെന്നും ബി.ജെ.പി ന്യൂനപക്ഷ നേതാവ്; വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ജോലികളില്‍ നിന്ന് മുസ്‌ലിം സമുദായത്തെ പൂര്‍ണമായും വിലക്കണമെന്ന ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവ് നാസിയ ഇലാഹി ഖാന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം.

‘നാസിയ സനാതനി’ എന്ന പേരിലും അറിയപ്പെടുന്ന ഇവര്‍, ഹിന്ദുക്കള്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേക്ക് മുസ്‌ലിങ്ങളെ സാമ്പത്തികമായും സാമൂഹികമായും ബഹിഷ്‌കരിക്കണമെന്നാണ് പരസ്യമായി ആഹ്വാനം ചെയ്തത്.

പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റവും രാജ്യത്തുടനീളം ഹിന്ദുക്കള്‍ക്കെതിരെ വിവിധ രൂപത്തിലുള്ള ‘ജിഹാദ്’ നടക്കുന്നുണ്ടെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രസ്താവന.

സോഷ്യല്‍ മീഡിയയില്‍ ഈ പരാമര്‍ശങ്ങള്‍ വൈറലായതോടെ, പ്രസംഗങ്ങളിലൂടെയും ഓണ്‍ലൈന്‍ പോസ്റ്റുകളിലൂടെയും മുസ്‌ലിം സമൂഹത്തെ നിരന്തരം ലക്ഷ്യം വെയ്ക്കുന്ന ഇവരുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തി. പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് നാസിയ ഇലാഹി ഖാന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

ഇന്ത്യ, പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളോട് മാത്രമല്ല പോരാടുന്നത്, മറിച്ച് പാകിസ്ഥാനെ ആരാധിക്കുന്ന ‘പാകിസ്ഥാന്‍ മാനസികാവസ്ഥ’ ഉള്ള രാജ്യത്തിനകത്തുള്ള ആളുകളോടു കൂടിയാണെന്ന് അവര്‍ പറഞ്ഞു.

രാജ്യത്ത് ഐ.എസ്.ഐ.എസ് ഏജന്റുമാര്‍ അറസ്റ്റിലാകുന്നതിന്റെ എണ്ണം വര്‍ധിച്ചുവരികയാണെന്നും ‘120 കോടി ഹിന്ദുക്കള്‍ എത്രയും വേഗം ജാഗ്രത പാലിക്കണം’ എന്നുമായിരുന്നു പറഞ്ഞത്.

ഹിന്ദുക്കളെ മതം മാറ്റുന്നതിനായി മുസ്‌ലിങ്ങള്‍ നിരവധി രഹസ്യ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നും ‘തൂക് ജിഹാദ്’, ‘മൂട്ട് ജിഹാദ്’, ‘ലൗ ജിഹാദ്’, ‘ലാന്റ് ജിഹാദ്’, ‘ഫ്രണ്ട്ഷിപ്പ് ജിഹാദ്’ ഇതൊക്കെ അതിന് ഉദാഹരണങ്ങളാണെന്നും അവകാശപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് സ്വകാര്യ ജോലി, സര്‍ക്കാര്‍ ജോലി, സ്വകാര്യ മേഖല, സര്‍ക്കാര്‍ മേഖല എന്നിവയുള്‍പ്പെടെ എല്ലായിടത്തുനിന്നും കുറഞ്ഞത് രണ്ടോ മൂന്നോ വര്‍ഷത്തേക്ക് മുസ്‌ലിങ്ങളെ പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യം അവര്‍ മുന്നോട്ടുവെച്ചത്.

വിശ്വാസത്തിന്റെ പേരില്‍ ‘ഭാരത് മാതാ കീ ജയ്’ അല്ലെങ്കില്‍ ‘വന്ദേമാതരം’ എന്ന് വിളിക്കാന്‍ വിസമ്മതിക്കുന്ന മുസ്‌ലിങ്ങളെ ഹിന്ദുക്കള്‍ വിശ്വസിക്കരുതെന്നും ഇവര്‍ പറഞ്ഞു.

‘ഇസ്‌ലാമാണ് ഒന്നാമതെന്ന് അവര്‍ പറയുന്നതിനാല്‍, അവരുടെ ഉദ്ദേശ്യങ്ങളെ സംശയിക്കുന്നത് സ്വാഭാവികമാണ്. അവര്‍ ഇസ്‌ലാമിനെ ആദ്യം പ്രതിഷ്ഠിക്കുകയും ഭരണഘടനയെ രണ്ടാമതാക്കുകയുമാണ് ചെയ്യുന്നത്,’ ഖാന്‍ ആരോപിച്ചു.

വിശുദ്ധ ഖുര്‍ആന്‍ അവിശ്വാസികള്‍ക്കെതിരായ അക്രമത്തിന് അനുമതി നല്‍കുന്നുവെന്ന രീതിയിലുള്ള ഗുരുതരമായ ആരോപണങ്ങളും ഖാന്‍ ഉന്നയിച്ചു. അല്ലാഹുവിനെയും പ്രവാചകനെയും പിന്തുടരാത്തവരെ ‘കൊല്ലണം’ എന്ന് അവകാശപ്പെടാന്‍ ഖുര്‍ആനിലെ സൂറത്തുകളായ (അധ്യായം) അല്‍-ബഖറയും തൗബയും അവര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുകയും ചെയ്തു.

ഇസ്‌ലാമിലേക്കുള്ള ക്ഷണം അഥവാ ‘ദഅവത്ത്’ എന്നത് ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടില്ല എന്ന കാര്യം നിഷേധിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ താന്‍ വെല്ലുവിളിക്കുന്നുവെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് നാസിയ ഇലാഹി ഖാന്റെ പരാമര്‍ശങ്ങള്‍ വിവേചനപരവും ഭിന്നിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ഇന്ത്യന്‍ മുസ്‌ലീങ്ങളെ പൊതുജീവിതത്തില്‍ നിന്നും തൊഴില്‍ മേഖലകളില്‍ നിന്നും ബഹിഷ്‌കരിക്കണമെന്ന ബി.ജെ.പി നേതാവിന്റെ ആഹ്വാനം ഇന്ത്യന്‍ ഭരണഘടനയ്ക്കും നമ്മുടെ റിപ്പബ്ലിക്കിന്റെ മതേതര അടിത്തറയ്ക്കും നേരെയുള്ള നഗ്നമായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് രാജ്യസഭ എം.പി സയ്യിദ് നസീര്‍ ഹുസൈന്‍ പറഞ്ഞു.

‘വിശുദ്ധ ഖുര്‍ആന്റെ തെറ്റായ വ്യാഖ്യാനത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമം ഒരുപോലെ അപലപനീയമാണ്. സൂറത്തുകളായ അല്‍-ബഖറയും തൗബയും തെരഞ്ഞെടുത്ത് ഒരു സമൂഹത്തെ മുഴുവന്‍ പൈശാചികവത്ക്കരിക്കാനും വിവേചനത്തെ ന്യായീകരിക്കാനും ശ്രമിക്കുന്നത് വിശ്വാസികളുടെ വികാരങ്ങള്‍ക്ക്‌നേരെയുള്ള ആഴത്തിലുള്ള അധിക്ഷേപമാണ്.

ദശലക്ഷക്കണക്കിന് ഇന്ത്യന്‍ മുസ്‌ലിങ്ങളെ അവിശ്വസ്തരും, അക്രമാസക്തരും, ജോലിക്ക് യോഗ്യരല്ലാത്തവരുമായി ചിത്രീകരിക്കാന്‍ മതഗ്രന്ഥങ്ങളെ മനഃപൂര്‍വ്വം വളച്ചൊടിക്കുന്നത് സത്യസന്ധതയില്ലായ്മ മാത്രമല്ല, അപകടകരവുമാണ്.’അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ധ്രുവീകരണത്തിനും തെരഞ്ഞെടുപ്പ് നേട്ടത്തിനും വേണ്ടി മുസ്‌ലിങ്ങളെ ബി.ജെ.പി എങ്ങനെ ആയുധമാക്കുന്നുവെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്നും, ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഈ റിപ്പബ്ലിക്കില്‍ തുല്യ അവകാശമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിശുദ്ധ ഖുര്‍ആനെ മനഃപൂര്‍വ്വം തെറ്റായി ചിത്രീകരിച്ചതിനും ഭരണഘടനാ വിരുദ്ധമായ ബഹിഷ്‌കരണത്തിന് വാദിച്ചതിനും ബി.ജെ.പി മുസ്‌ലിം സമൂഹത്തോടും ഇന്ത്യയിലെ ജനങ്ങളോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈറും ഈ പരാമര്‍ശങ്ങളെയും അതിന് വേദി ഒരുക്കിയ മാധ്യമങ്ങളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്.

‘ഇത് നിങ്ങളുടെ ന്യൂനപക്ഷ നേതാവാണ്. ഒരു പത്രസമ്മേളനം നടത്തി 120 കോടി ഹിന്ദുക്കളോട് സ്വകാര്യ ജോലികളിലും സര്‍ക്കാര്‍ ജോലികളിലും ഇന്ത്യന്‍ മുസ്‌ലിങ്ങളെ ബഹിഷ്‌കരിക്കാന്‍ ഇവര്‍ പരസ്യമായി ആവശ്യപ്പെടുന്നു. ഒരു വാര്‍ത്താ ചാനലും അവളെ തടയുകയോ വിദ്വേഷം പ്രചരിപ്പിച്ചതിന് കുറ്റപ്പെടുത്തുകയോ ചെയ്തില്ല. ഇന്ത്യയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് അത്ര സാധാരണമായി മാറിയിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള നാസിയ ഇലാഹി ഖാന്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക കൂടിയാണ്. രാജ്യത്തുടനീളമുള്ള ഹിന്ദു ദേശീയവാദ സമ്മേളനങ്ങളെ പതിവായി അഭിസംബോധന ചെയ്യുന്നതിനിടയില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ പ്രതിനിധിയായും ‘സനാതനി മുസ്‌ലിം’ ആയുമാണ് ഇവര്‍ സ്വയം അടയാളപ്പെടുത്തുന്നത്.

മുസ്‌ലിം പള്ളികള്‍, മദ്രസകള്‍, വഖഫ് സ്ഥാപനങ്ങള്‍ എന്നിവക്കെതിരെ നിരന്തരം സംസാരിക്കുന്നതിലൂടെ മുമ്പും വ്യാപക വിമര്‍ശനങ്ങളും നിയമനടപടികളും ഇവര്‍ നേരിട്ടിട്ടുണ്ട്.

Content Highlight: BJP leader’s call for boycott of Muslims sparks outrage

We use cookies to give you the best possible experience. Learn more