| Sunday, 7th September 2025, 12:22 pm

ചതയദിനാഘോഷം ഒ.ബി.സി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പാര്‍ട്ടിവിട്ട് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചതയ ദിനാഘോഷം ഒ.ബി.സി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം പാര്‍ട്ടിവിട്ടു. എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി കൂടിയായ കെ.എ. ബാഹുലേയനാണ് പാര്‍ട്ടിവിട്ടത്.

‘ചതയ ദിനാഘോഷം നടത്താന്‍ ബി.ജെ.പി ഒ.ബി.സി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബി.ജെ.പി വിടുന്നു,’ ബാഹുലേയന്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ബാഹുലേയന്‍ രാജിവെക്കുന്ന വിവരം അറിയിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള നേതാവാണ് ബാഹുലേയന്‍.

കഴിഞ്ഞ ദിവസം മുന്‍ ഡി.ജി.പിയായ ടി.പി. സെന്‍കുമാറും  ബി.ജെ.പി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഒ.ബി.സി മോര്‍ച്ച ശ്രീനാരായണഗുരു ജയന്തിയുമായി ബന്ധപ്പെട്ട പരിപാടി നടത്തുന്നതില്‍ സെന്‍കുമാര്‍ അതൃപ്തി അറിയിക്കുകയായിരുന്നു.

ഒ.ബി.സി മോര്‍ച്ച എറണാകുളം നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയുടെ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം. ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് ഗുരുദേവന്‍ 1916ല്‍ തന്നെ പറഞ്ഞ കാര്യങ്ങള്‍ മറന്നുകൊണ്ടാണെന്ന് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘നാം ഒരു വര്‍ഗത്തിന്റെ മാത്രം ആളല്ലന്നും നാം ജാതി ഭേദം വിട്ടിട്ട് സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നുവെന്നും ഗുരുദേവന്‍ അരുളി ചെയ്തതാണ്. അത് നിങ്ങള്‍ക്കിപ്പോഴും അറിയില്ലേ?,’ എന്നാണ് സെന്‍കുമാര്‍ കുറിച്ചത്. ഇതിനുപിന്നാലെയാണ് കെ.എ. ബാഹുലേയന്റെ ബി.ജെ.പിയില്‍ നിന്നുള്ള രാജി.

Content Highlight: BJP leader quits party in protest over OBC Morcha conducted Chathayam Day celebrations

We use cookies to give you the best possible experience. Learn more