| Tuesday, 20th December 2022, 5:22 pm

ഇന്ദിരയുടെയും രാജീവിന്റെയും മരണം ത്യാഗമാണെങ്കില്‍ കേരളത്തിലടക്കം നൂറുകണക്കിന് ആര്‍.എസ്.എസുകാര്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്യുന്നില്ലേ? നരോത്തം മിശ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ‘നായ പരാമര്‍ശ’ത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്ര.

കോണ്‍ഗ്രസും അതിന്റെ നേതാക്കളും രാജ്യത്തിന് വേണ്ടി നിലകൊള്ളുകയും ത്യാഗങ്ങള്‍ സഹിച്ച് സ്വാതന്ത്ര്യം നേടിത്തരികയും ചെയ്തപ്പോള്‍ ബി.ജെ.പി നേതാക്കള്‍ അത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നും ‘ബി.ജെ.പിക്ക് ഒരു നായയെ പോലും രാജ്യത്തിന് വേണ്ടി നഷ്ടപ്പെട്ടിട്ടില്ല’ എന്നുമായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

ഇതിനെതിരെയാണ് നരോത്തം മിശ്രയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും വധത്തെ രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാഗമായി വിശേഷിപ്പി്ക്കാന്‍ കഴിയില്ലെന്നാണ് മിശ്ര പറഞ്ഞത്.

”അതിനെ അപലപിക്കണം. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണം രാജ്യത്തിന് വേണ്ടിയുള്ള ത്യാഗമായാണ് ഖാര്‍ഗെ കണക്കാക്കുന്നതെങ്കില്‍, രാജ്യത്തിന്റെ ഐക്യത്തിനായി നൂറുകണക്കിന് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ജീവത്യാഗം ചെയ്യുന്ന പശ്ചിമ ബംഗാള്‍, കേരളം, ത്രിപുര പോലുള്ള സംസ്ഥാനങ്ങളിലേക്ക് കൂടി അദ്ദേഹം ഒന്ന് നോക്കണം,” എന്നാണ് വിഷയത്തില്‍ നരോത്തം മിശ്ര പറഞ്ഞത്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ അല്‍വാറില്‍ വെച്ച് നടത്തിയ റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയായിരുന്നു ഖാര്‍ഗെയുടെ പ്രസ്തുത പരാമര്‍ശം. പിന്നീട് പാര്‍ലമെന്റിലും അദ്ദേഹം ഇത് ആവര്‍ത്തിച്ചിരുന്നു.

ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി സംഘര്‍ഷ വിഷയത്തില്‍ പ്രതികരിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തിന് പുറത്ത് സിംഹത്തെ പോലെയാണ് സംസാരിക്കുന്നതെന്നും എന്നാല്‍ ഉള്ളില്‍ ഒരു എലിയെ പോലെയാണ് പെരുമാറുന്നതെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.

ഇന്ത്യാ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറുന്ന ചൈനയെ നേരിടാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ലെന്നും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് പോലും ബി.ജെ.പി ഒളിച്ചോടുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു.

മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും പേരില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശവും ജനാധിപത്യവും തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

ഇതിനെതിരായാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നതെന്നും ഖാര്‍ഗെ വ്യക്തമാക്കി. ചൈന വിഷയം തങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചെന്നും അതിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

”അവര്‍ പുറത്ത് സിംഹത്തെപ്പോലെ സംസാരിക്കുന്നു, എന്നാല്‍ നിങ്ങള്‍ കണ്ടില്ലേ, അവരുടെ പ്രവര്‍ത്തനങ്ങള്‍ എലിയെപ്പോലെയാണ്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ ഇപ്പോഴും പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല.

ഞങ്ങള്‍ രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കി. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞു.

നിങ്ങള്‍ എന്താണ് ചെയ്തത്? നിങ്ങളുടെ (ബി.ജെ.പി) ഒരു നായയെങ്കിലും രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞിട്ടുണ്ടോ? എന്നിട്ടും രാജ്യസ്നേഹികളാണെന്ന് അവകാശപ്പെടുന്നു. ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങളെ ദേശദ്രോഹികള്‍ എന്ന് വിളിക്കുന്നു,” ഖാര്‍ഗെ പറഞ്ഞു.

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എം.പി. മനീഷ് തിവാരിയാണ് ലോക്സഭയില്‍ നോട്ടീസ് നല്‍കിയത്.

നാസിര്‍ ഹുസൈന്‍, ശക്തി സിങ് ഗോഹില്‍ എന്നിവര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കുകയും തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി എന്നിവര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അനുവദിക്കപ്പെട്ടിരുന്നില്ല.

Content Highlight: BJP leader Narottam Mishra reactiom on Kharge’s dog comment

Latest Stories

We use cookies to give you the best possible experience. Learn more