ഭുവനേശ്വര്‍: ഒഡിഷയിലെ ബെര്‍ഹാംപൂരില്‍ ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ബി.ജെ.പി നേതാവും അഭിഭാഷകനുമായ പിതാബസ് പാണ്ഡെയെ ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിവെച്ചത്. ബെര്‍ഹാംപൂരിലെ തന്റെ വസതിക്ക് പുറത്ത് വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ഗുരുതരാവസ്ഥയിലായ പിതാബസിനെ സമീപത്തുള്ള എം.കെ.സി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒഡിഷ സ്‌റ്റേറ്റ് ബാര്‍ കൗണ്‍സില്‍ അംഗവും വിവരാവകാശ പ്രവര്‍ത്തകനും കൂടിയാണ് പിതാബസ് പാണ്ഡേ. വെടിവെപ്പിന് പിന്നിലെ യഥാര്‍ത്ഥ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ബി.ജെ.പിയില്‍ ചേരുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു പിതാബസ് പാണ്ഡേ. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബെര്‍ഹാംപൂര്‍ നഗരത്തിലും ഗഞ്ച് ജില്ലയിലും നടന്ന ക്രമക്കേടുകളെയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിച്ചതിലൂടെ ശ്രദ്ധ നേടിയ ആളായിരുന്നു പിതാബസ് പാണ്ഡേ.
പ്രാദേശിക രാഷ്ട്രീയ സമൂഹത്തില്‍ പാണ്ഡേക്കെതിരായ ആക്രമണം ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. നിലവില്‍ അക്രമണത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമല്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ബെര്‍ഹാംപൂര്‍ എസ്.പി ശരവണ വിവേകും ബൈദ്യനാഥ്പുര സബ് ഇന്‍സ്‌പെക്ടര്‍ സുചിത്ര പരിദയും അവധിയിലായിരുന്ന സമയത്താണ് അക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിന് പിന്നാലെ ബി.ജെ.പി നേതാക്കളും മന്ത്രിമാരും ആശുപത്രിയിലെത്തിയിരുന്നു. സംസ്ഥാന വാണിജ്യ ഗതാഗത മന്ത്രി ബിഭൂതി ഭൂഷണ്‍ ജെന പാണ്ഡേക്കെതിരായ ആക്രമണത്തില്‍ അപലപിച്ചു.
‘അഴിമതിക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന, എല്ലാവരുടെ ഇടയിലും അറിയപ്പെട്ടിരുന്ന ധീരനായ നേതാവ്’ എന്നാണ് പിതാബസ് പാണ്ഡേയെ ബിഭൂതി ഭൂഷണ്‍ വിശേഷിപ്പിച്ചത്. കുറ്റക്കാരെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.
Content Highlight: BJP Leader in Odisha shot dead last day