| Thursday, 26th February 2026, 2:43 pm

'AIA' ഉച്ചകോടി വന്‍ വിജയമെന്ന് ബി.ജെ.പി നേതാവ്; AI എന്ന് തിരുത്തിയ മാധ്യമപ്രവര്‍ത്തകനോട് രോഷപ്രകടനം; വീഡിയോ വൈറല്‍

നിഷാന. വി.വി

ന്യൂദല്‍ഹി: എ.ഐ എന്താണെന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി ബി.ജെ.പി നേതാവ് വീഡിയോ വൈറല്‍.

ബഹുമാനപ്പെട്ട നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എ.ഐ.എ ഉച്ചകോടി വളരെ വിജയകരമായി നടന്നുവെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന. എന്നാല്‍ എ.ഐ.എ അല്ല എ.ഐ ആണെന്ന് മാധ്യമപ്രവര്‍ത്തകന്‍ തിരുത്തിയതോടെ നിങ്ങള്‍ക്ക് എന്നെക്കാള്‍ കൂടുതല്‍ അറിയാമോ എന്ന് ചോദിച്ച് അദ്ദേഹം തര്‍ക്കിക്കുകയായിരുന്നു.

എ.ഐ എന്താണെന്ന് വിശദീകരിക്കാന്‍ പറഞ്ഞ മാധ്യമ പ്രവര്‍ത്തകനോട് തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായി പോവുന്ന ബി.ജെ.പി നേതാവിനെ വീഡിയോയില്‍ കാണാം.

ചോദ്യങ്ങള്‍ ചോദിക്കുക തന്നെ ചെയ്യുമെന്നും താന്‍ ഗോദി മീഡിയയാണെന്ന് കരുതിയോ എന്നും മാധ്യമ പ്രവര്‍ത്തകന്‍ തിരിച്ച് ചോദിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സമാപിച്ച എ.ഐ ഉച്ചകോടിയെ കുറിച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. ഭാരത് മണ്ഡപത്തില്‍ നടന്ന ഈ ആഗോള ഉച്ചക്കോടിയില്‍ 80 ലധികം രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

എ.ഐ ഫോര്‍ ഓള്‍ എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. ഉച്ചകോടിയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്.

മോശം സംഘാടനം കാരണം ഉച്ചകോടി അലങ്കോലമായതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രശസ്തിക്ക് വേണ്ടിയുള്ള ആര്‍ത്തിയുടെ ഉദാഹരണമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

‘ഇന്ത്യയുടെ ഡിജിറ്റല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന, ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടി ഈ പി.ആര്‍ ആര്‍ത്തിയുള്ള സര്‍ക്കാരിന്റെ അരാജകത്വത്തിനും കെടുകാര്യസ്ഥതയ്ക്കും വഴിമാറി. ലോകത്തിന് മുന്നില്‍ രാജ്യം നാണംകെട്ടു’, ഖാര്‍ഗെ വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഈ ഉച്ചകോടിയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇന്ത്യയുടെ ഡാറ്റ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.

‘ഇന്ത്യയുടെ കഴിവും ഡാറ്റയും ഉപയോഗപ്പെടുത്തുന്നതിന് പകരം എ.ഐ ഉച്ചകോടിയില്‍ കാണാനാവുന്നത് പി.ആര്‍ കാഴ്ചയാണ്. ഇന്ത്യന്‍ ഡാറ്റ വില്‍പനയ്ക്കും ചൈനീസ് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരിക്കുന്നു’, രാഹുല്‍ എക്സില്‍ കുറിച്ചു.

ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടിനെ പ്രദര്‍ശിപ്പിക്കുകയും ഇക്കാര്യം ചൈനയിലെ മാധ്യമങ്ങള്‍ പരിഹസിക്കുകയും ചെയ്തിരുന്നു.

കൂടാതെ നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ഷര്‍ട്ടൂരി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭാരത് മണ്ഡപത്തില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെയായിരുന്നു യുവാക്കള്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധക്കാരുടെ കയ്യില്‍ മോദിയുടെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രം പതിച്ച ടീഷര്‍ട്ടും ഉണ്ടായിരുന്നു.

ബി.ജെ.പി കോണ്‍ഗ്രസിനെതിരെ ഈ പ്രതിഷേധം ഒരു രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് റാലികളിലുള്‍പ്പെടെ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസിനെ അവഹേളിക്കുകയാണ് ബി.ജെ.പി നേതാക്കള്‍.

Content Highlight: BJP leader calls ‘AIA’ summit a huge success; Anger at journalist who corrected ‘AI’; Video goes viral

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more