| Thursday, 25th October 2018, 7:37 am

രഹ്നാ ഫാത്തിമയുടെ വീട് ആക്രമിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയില്‍ സന്ദര്‍ശനത്തിനായി പോയ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്നഫാത്തിമയുടെ പനമ്പള്ളിയിലുള്ള വീടാക്രമിച്ച കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ് പി.എം. ബിജുവിനെ (47)യാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

രഹ്ന ഫാത്തിമ താമസിക്കുന്ന പനമ്പള്ളിനഗറിലെ ബി.എസ്.എന്‍.എല്‍ കമ്പനി ക്വാര്‍ട്ടേഴ്‌സാണ് ആക്രമിച്ചിരുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ അജീഷ് ഒളിവിലാണ്.

രഹ്നഫാത്തിമ ശബരിമലയിലേക്ക് പോകുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞതിന് പിന്നാലെ 19 ന് രാവിലെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. ഇതിന് തൊട്ടുപിന്നാലെ ഇവരുടെ വീടാക്രമിച്ചു. ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്ത് വരെ സ്‌കൂട്ടറില്‍ എത്തിയ ബിജുവും സംഘവും നടന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. ഹെല്‍മെറ്റ് ധരിച്ച ഇവര്‍ ജനല്‍ചില്ലുകളും വീടിന് പുറത്തുണ്ടായിരുന്ന ഉപകരണങ്ങളും എറിഞ്ഞു തകര്‍ത്തു. ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ശബരിമലയില്‍ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് ഐ.ജി മനോജ് എബ്രഹാമിനെതിരെ വര്‍ഗീയ പ്രചരണം നടത്തിയതിന് ഒരു ബി.ജെ.പി നേതാവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ശബരിമല നടതുറന്നതിനുശേഷം സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും സംഘര്‍ഷമുണ്ടാക്കിയവരുടെ ചിത്രങ്ങള്‍ പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. 210 പേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിരുന്നത്.

We use cookies to give you the best possible experience. Learn more