കൊച്ചി: മുനമ്പം സമരത്തിന്റെ പേരില്‍ അഭിഭാഷകനായ ബി.ജെ.പി നേതാവ് പണപ്പിരിവ് നടത്തിയതായി ആരോപണം. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി അടുത്ത ബന്ധമുള്ള ജില്ലയിലെ പ്രമുഖ ബി.ജെ.പി നേതാവാണ് പാര്‍ട്ടിയുടെ അനുമതി ഇല്ലാതെ പണപ്പിരിവ് നടത്തുന്നത്. ഇയാള്‍ ഒരു പ്രമുഖ ജ്വല്ലറി ഉടമയുടെ പക്കലില്‍ നിന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നു.
മുനമ്പം സമരത്തിന്റെ പേരിലും ഗാന്ധിനഗറില്‍ പണിയാന്‍പോകുന്ന ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന്റെ പേരിലുമാണ് ഇയാള്‍ പണപ്പിരിവ് നടത്തുന്നത്. ഇങ്ങനെ ഇയാള്‍ 50 ലക്ഷം, 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ മറ്റ് വിവിധ വ്യാപാരികളില്‍നിന്നും പണം കൈപ്പറ്റിയതായി ആരോപണമുണ്ട്. ഇയാള്‍ക്ക് പുറമെ മറ്റ് രണ്ട് ആളുകളും പിരിവ് നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
പണപ്പിരിവിനെ തുടര്‍ന്ന് ജില്ലയിലെ ബി.ജെ.പിയുടെ പല നേതാക്കളും പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നാല്‍ മുനമ്പം പ്രശ്‌നത്തില്‍ പരിഹാരം കാണാമെന്ന് പ്രദേശവാസികളെ ബി.ജെ.പി നേതാക്കള്‍ വിശ്വസിപ്പിച്ചതിന് പിന്നാലെയാണ് ഈ പണപ്പിരിവും.
തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നെന്ന് സംശയിക്കുന്നുവെന്ന് മുനമ്പം സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതികരിച്ചിരുന്നു. വഖഫ് ഭേദഗതിയിലൂടെ മുനമ്പത്ത് നീതി ലഭിക്കില്ലെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭേദഗതിയില്‍ വളരെയധികം പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാല്‍ ആ വിശ്വാസത്തെ കിരണ്‍ റിജിജുവിന്റെ പ്രസ്താവന ഇല്ലാതാക്കിയെന്നും ജോസഫ് ബെന്നി പറഞ്ഞു. എല്ലാവരും ചേര്‍ന്ന് തങ്ങളെ ചതിക്കുകയായിരുന്നുവെന്നും ജോസഫ് ബെന്നി പറഞ്ഞിരുന്നു.
മുനമ്പം വിഷയത്തില്‍ നിരാശയാണുണ്ടായതെന്ന് സിറോ മലബാര്‍ സഭയും പ്രതികരിച്ചിരുന്നു.നിയമം നിരാശപ്പെടുത്തുന്നതാണെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. പ്രശ്‌നം പരിഹരിക്കാത്തതില്‍ ആശങ്കയുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
Content Highlight: BJP leader accused of collecting money in the name of Munambam protest