| Thursday, 11th September 2025, 11:59 am

ക്രിസ്ത്യന്‍ അവകാശങ്ങള്‍ പഠിപ്പിക്കാന്‍ ബി.ജെ.പി; പഠനക്ലാസ് രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ക്രൈസ്തവ സഭകളുടെ വിശ്വാസമാര്‍ജിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി. പ്രവര്‍ത്തകരെ ക്രിസ്ത്യന്‍ അവകാശങ്ങളെ കുറിച്ച് പഠിപ്പിക്കാന്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം പഠനക്ലാസ് സംഘടിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച കോട്ടയത്ത് വെച്ച് നടന്ന കിസ്റ്റ്യന്‍ ഔട്ട്റീച്ച് പരിപാടിയിലാണ് പഠനക്ലാസ് നടന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

സി.ബി.സി.ഐ (കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യനാണ് ന്യൂനപക്ഷ മോര്‍ച്ച ഭാരവാഹികള്‍ക്ക് വേണ്ടി ക്ലാസെടുത്തത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലാണ് ക്ലാസ് നടന്നത്.

ക്രിസ്ത്യന്‍ അവകാശം, മതസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചായിരുന്നു ഏകദേശം ഒരു മണിക്കൂറോളം നീണ്ട ക്ലാസ്.

കാത്തലിക് അവകാശങ്ങള്‍ എന്തൊക്കെ? ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം എന്തൊക്കെ? തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് നടന്നത്.

ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാന ബി.ജെ.പി നേതൃത്വം അവരുടെ മോചനത്തിനായി ഇടപെട്ടത് സംഘപരിവാര്‍ സംഘടനകള്‍ക്കിടയില്‍ വലിയ തോതിലുള്ള മുറുമുറുപ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ക്ലാസ് നടന്നതെന്നതും ശ്രദ്ധേയമാണ്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടക്കുള്ള തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ക്രൈസ്തവ വോട്ടുകള്‍ പെട്ടിയിലെത്തിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും വിമര്‍ശനമുണ്ട്.

ക്രൈസ്തവ വിഭാഗത്തെ ചേര്‍ത്തുനിര്‍ത്താന്‍ ഇത്തരം പഠന ക്ലാസുകളും മറ്റുമായി ബി.ജെ.പി പുത്തന്‍ വഴികള്‍ തേടുമ്പോള്‍ സംഘപരിവാര്‍ സംഘടനകളുടെ നിലപാടും നിര്‍ണായകമാകും.

Content Highlight: BJP launches class to teach Christian rights

We use cookies to give you the best possible experience. Learn more