| Tuesday, 17th November 2015, 10:57 pm

മണിശങ്കര്‍ അയ്യരും സല്‍മാന്‍ ഖുര്‍ഷിദും ഭീകരവാദത്തിന്റെ പ്രചാരകര്‍: ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദും മണിശങ്കര്‍ അയ്യരും ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഇസിസ്) പ്രചാരകരെ പോലെ പെരുമാറുന്നുവെന്ന് ബി.ജെ.പി. ഇന്ത്യാ-പാക് ചര്‍ച്ചകള്‍ സാധ്യമാകണമെങ്കില്‍ മോദിയെ മാറ്റി നിര്‍ത്തണമെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത് എത്തിയിരിക്കുന്നത്.

പാക് ടെലിവിഷന്‍ ചാനലായ ദുനിയാ ടി.വി  സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു മണിശങ്കര്‍ അയ്യര്‍ മോദി വിമര്‍ശനം നടത്തിയിരുന്നത്. മോദി അധികാരത്തില്‍ നിന്നും മാറിയാല്‍ മാത്രമേ ചര്‍ച്ചകള്‍ സാധ്യമാവുകയുള്ളൂവെന്നും അതിന് നാല് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നുമാണ് അയ്യര്‍ പറഞ്ഞത്.

നേരത്തെ പാകിസ്ഥാന്‍ സന്ദര്‍ശനവേളയില്‍ മോദിയെ വിമര്‍ശിച്ചും നവാസ് ഷെരീഫിനെ പുകഴ്ത്തിയും സല്‍മാന്‍ ഖുര്‍ഷിദ് സംസാരിച്ചിരുന്നു. ഇസ്‌ലാമാബാദില്‍ ജിന്നാ ഇന്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഖുര്‍ഷിദിന്റെ പരാമര്‍ശം.

അതേ സമയം കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിലപാടറിയിക്കണമെന്ന്  ബി.ജെ.പി വക്താവ് നളിന്‍ കോഹ്‌ലി ആവശ്യപ്പെട്ടു.

ഭീകരവാദത്തിനെതിരെ ലോകം ഒന്നിക്കുമ്പോള്‍ നരേന്ദ്രമോദിയുടെ ഭീകരതയ്‌ക്കെതിരായ വാക്കുകള്‍ എല്ലാവരും അംഗീകരിക്കുന്നു. പാരീസില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. എന്നിട്ടം ഇവരെ പോലുള്ള ഇസിസിന്റെയും താലിബാന്റെയും പ്രചാരകരെ പോലയാണ് പെരുമാറുന്നതെന്നും ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.

അയ്യരുടെ പ്രസ്താവനയ്‌ക്കെതിരെ ആര്‍.ജെ.ഡിയും രംഗത്ത് എത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more