പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും പിന്മാറുന്നതിനായി ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.
തന്റെ പാര്‍ട്ടിയുടെ മൂന്ന് നോമിനികളുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി ഭീഷണി മുഴക്കിയെന്ന് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപക നേതാവായ പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ദാനാപൂരില്‍ നിന്നുള്ള മുതുര്‍ ഷാ, ബ്രഹ്‌മപൂരില്‍ നിന്നുള്ള സത്യപ്രകാശ് തിവാരി, ഗോപാല്‍ ഗഞ്ചില്‍ നിന്നുള്ള ശശി ശേഖര്‍ സിന്‍ഹ എന്നിവര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമടക്കം കണ്ട് സമ്മര്‍ദം ചെലുത്തിയാണ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കുന്നതെന്നും കിഷോര്‍ വിശദമാക്കി.
ജന്‍ സുരാജ് പാര്‍ട്ടിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തില്‍ ബി.ജെ.പിക്ക് ഭയമുണ്ടെന്നും ആരുതന്നെ ജയിച്ചാലും സര്‍ക്കാര്‍ തങ്ങള്‍ രൂപീകരിക്കുമെന്ന നിലപാടാണ് ബി.ജെ.പിക്ക്. ഈ പ്രതിഛായ വര്‍ഷങ്ങളായി അവര്‍ വളര്‍ത്തിയെടുത്തതാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
വോട്ടെടുപ്പ് പ്രക്രിയയെ എന്‍.ഡി.എ ഭയപ്പെടുന്നു. ഇത്തവണ ജനങ്ങള്‍ക്ക് പുതിയൊരു ഓപ്ഷനുണ്ട് ജന്‍ സുരാജ്. ബീഹാറിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി ഭയത്തില്‍ കുരുങ്ങി കിടക്കുകയാണ്.
ആര്‍.ജെ.ഡിയെ ഒഴിവാക്കാന്‍ ബി.ജെ.പിക്കോ നിതീഷിനോ വോട്ട് ചെയ്യുക, ബി.ജെ.പിയെ അകറ്റാന്‍ ആര്‍.ജെ.ഡിക്ക് വോട്ട് ചെയ്യുക, ഇതാണ് നടന്നുകൊണ്ടിരുന്നത്. എന്നാല്‍ ഈ അടിമത്തത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമാണ് ജന്‍ സുരാജെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ജന്‍ സുരാജിന്റെ 240 സ്ഥാനാര്‍ത്ഥികള്‍ ബീഹാറില്‍ തെരഞ്ഞെടുപ്പ് രംഗത്തുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷനോട് ബി.ജെ.പിയുടെ സമ്മര്‍ദത്തെ കുറിച്ച് ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. എങ്കിലും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായിരിക്കും ചെയ്യുകയെന്നും പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചു.
Content Highlight: BJP is threatening Jan Suraj candidates, for withdraw from elections: Prashant Kishor