| Sunday, 23rd March 2025, 1:46 pm

കൃത്യമായ ഇടവേളകളില്‍ പുനഃസംഘടന പൂര്‍ത്തിയാക്കുന്ന ഒരേയൊരു പാര്‍ട്ടിയാണ് ബി.ജെ.പി: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭാരതീയ ജനതാ പാര്‍ട്ടി മാത്രമാണ് കൃത്യമായ ഇടവേളകളില്‍ ബൂത്ത് തലം മുതല്‍ ആഖിലേന്ത്യാ തലം വരെ പുനഃസംഘടന പൂര്‍ത്തിയാക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ നിയോഗിച്ചതിന് പിന്നാലെയാണ് പ്രതികരണം.

ബൂത്ത് തലം മുതല്‍ ജില്ലാതലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പുകള്‍ കൃത്യമായ നടപ്പിലാക്കിയിട്ടുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്.

14 ജില്ലകളുടെ എണ്ണം 30 ആയി വര്‍ധിപ്പിച്ചും വളരെ സുഗമമായി ജനാധിപത്യപരമായി എല്ലാവരോടും ആശയവിനിമയവും നടത്തിയാണ് ജില്ലാതലം വരെയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കിയതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. നാളെ (തിങ്കള്‍) ഉച്ചയ്ക്ക് അടുത്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ പുനഃസംഘടന നോമിനേഷനിലൂടെയും സി.പി.ഐ.എമ്മിലേത് പാനല്‍ അവതരണത്തിലൂടെയുമാണെന്നും കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നാമനിര്‍ദേശ പത്രിക സ്വീകരിച്ച് തീരുമാനമെടുക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ. സുരേന്ദ്രന് പകരമാണ് രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷന്‍ പദവിയിലെത്തുന്നത്. നാളത്തെ സംസ്ഥാന കൗണ്‍സിലില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബി.ജെ.പി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രിക നല്‍കുകയും ചെയ്തു. നേതൃസ്ഥാനത്തേക്ക് പുതുമുഖത്തെ കൊണ്ടുവരിക എന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണ് രാജീവിന് അനുകൂലമായത്.

കര്‍ണാടകയില്‍ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തിയ നേതാവ് കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തരബിരുദവും ഐ.ടി ആന്‍ഡ് ഇലക്ട്രോണിക്സിലെ അറിവുമാണ് രാജീവിനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്.

2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച രാജീവ് ചന്ദ്രശേഖര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനാകുന്ന ആദ്യത്തെ നേതാവ് കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍.

ആദ്യഘട്ടത്തില്‍ നേതൃസ്ഥാനത്തേക്ക് എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു.

Content Highlight: BJP is the only party that completes reorganization at regular intervals: K. Surendran

We use cookies to give you the best possible experience. Learn more