| Monday, 6th April 2026, 10:54 am

വോട്ടിന് കിറ്റ്: തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി കോടികള്‍ ഒഴുക്കുന്നു, 101 ശതമാനവും വിജയം യു.ഡി.എഫിനായിരിക്കും: ടി.എന്‍. പ്രതാപന്‍

ആദര്‍ശ് എം.കെ.

തൃശ്ശൂര്‍: മണലൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി വന്‍തോതില്‍ പണവും കിറ്റുകളും വിതരണം ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍. ഭരണഘടനാ സ്ഥാപനങ്ങളെയും നിയമങ്ങളെയും ദുരുപയോഗം ചെയ്ത് ഒരു സമൂഹത്തെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടപ്പിച്ചു.

‘മണലൂരില്‍ 100% യു.ഡി.എഫ് ജയിക്കും നൂറല്ല ഒരു ശതമാനം കൂട്ടി പറയാം. 101 ശതമാനവും മണലൂരിലെ വിജയം യു.ഡി.എഫിനാണ്. അത് മണലൂരില്‍ അരിയാഹാരം കഴിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും അറിയാം. രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും അറിയാം. ഒരു തുടക്കം മുതല്‍ അങ്ങനെ ഒരു ട്രെന്‍ഡ് സെറ്റ് അവിടെ ഉണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമുണ്ടായിരുന്ന കിറ്റ് വിതരണ വിവാദത്തിലും പ്രതാപന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി പണമൊഴുക്കുകയാണെന്നും, ജില്ലയില്‍ ബി.ജെ.പി ഏറ്റവുമധികം പണം ചെലവഴിക്കുന്നത് മണലൂരാണെന്നും പ്രതാപന്‍ ആരോപിച്ചു.

ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ കിറ്റ് വിതരണം ചെയ്തതിന് കേസ് എടുത്തിട്ടുണ്ടെന്നും, പണവും കിറ്റും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഗ്രാമപ്രദേശങ്ങളില്‍ അടക്കം രാത്രികാലങ്ങളില്‍ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കാഞ്ചേരി മണ്ഡലത്തിലും സമാനമായ രീതിയില്‍ പണാധിപത്യം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരോപിച്ചു.

അതേസമയം, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഗോഡൗണില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

സംഭവത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അന്വേഷണം വേണമോ എന്ന വിഷയത്തില്‍ കോടതിയാണ് തീരുമാനമെടുക്കുക. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

Content highlight: BJP is pouring crores to sabotage the elections, 101 percent victory will be for UDF: T.N. Prathapan

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more