| Saturday, 23rd May 2026, 3:24 pm

ബി.ജെ.പി പൊതുജനങ്ങളുടെ സമ്പാദ്യം ഗഡുക്കളായി ഊറ്റിയെടുക്കുന്നു; ഇന്ധന വില വര്‍ധനവില്‍ ഖാര്‍ഗെ

നിഷാന. വി.വി

ന്യൂദല്‍ഹി: രാജ്യത്ത് അടിക്കടിയുള്ള ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

ഭരണകക്ഷി ജനങ്ങളുടെ സമ്പാദ്യം മുഴുവന്‍ ഗഡുക്കളായി ഊറ്റുകയാണെന്നും കേന്ദ്ര നികുതികളിലൂടെ സര്‍ക്കാര്‍ വന്‍ തോതില്‍ വരുമാനമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പെട്രൊളില്‍ നിന്നും ഡീസലില്‍ നിന്നും കേന്ദ്രത്തിന് നികുതി വഴി പ്രതിദിനം 1000 കോടി രൂപ ലഭിക്കുന്നുണ്ടെന്നും എന്നിട്ടും കേന്ദ്രത്തിന്റെ വിശപ്പ് മാറുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

പെട്രോള്‍ വില ഇപ്പോള്‍ 100 രൂപ കവിഞ്ഞു. ഇത്തവണ പൊതുജനങ്ങളുടെ വരുമാനം തവണകളായിട്ടാണ് കൊള്ളയടിക്കുന്നത്! പെട്രോള്‍-ഡീസലിന് പ്രതിദിനം 1000 കോടി രൂപയുടെ കേന്ദ്ര നികുതി ചുമത്തിയിട്ടും ബി.ജെ.പിയുടെ ആര്‍ത്തി അടങ്ങുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ വിലയിടിഞ്ഞപ്പോള്‍ അവര്‍ അതിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയില്ല. പകരം അതവര്‍ കൊള്ളയടിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ഇലക്ഷനെകുരിച്ച് സംസാരിച്ചു. എന്നാല്‍ ഇലക്ഷന് ശേഷം ത്യാഗം ചെയ്യാന്‍ പ്രസംഗിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യന്‍ യുദ്ധം പൊട്ടിപുറപ്പെട്ടപ്പോള്‍ സമത്ത് എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് ആശ്വാസം നല്‍കാന്‍ ശ്രമിക്കുകയും വില കുറക്കുകയും ചെയ്തുവെന്നും എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി മാത്രം എല്ലാ നല്ല നിലയിലാണെന്ന് പറഞ്ഞ് നമ്മളെ പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കൊള്ളയിലൂടെ ലഭിക്കുന്ന ലാഭം ആര്‍ക്കൊക്കയാണ് ലഭിക്കുന്നത് പറയൂവെന്നും നിങ്ങള്‍ എന്തിനാണ് ഇത്രയും വിട്ടുവീഴ്ച ചെയ്യുന്നതെന്നും നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ചോദിച്ചു.

ഇന്ധന വില പത്ത് ദിവസത്തിനിടെ മൂന്ന് തവണ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ദല്‍ഹിയില്‍ പെട്രോളിന് 87 പൈസ വര്‍ധിച്ച് ലിറ്ററിന് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായപ്പോള്‍, ഡീസലിന് 91 പൈസ വര്‍ധിച്ച് 91.58 രൂപയില്‍ നിന്ന് 92.49 രൂപയായി.

മെയ് 15ന് ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചിരുന്നു. പിന്നാലെ മെയ് 19ന് 90 പൈസകൂടി. മൊത്തത്തില്‍ ലിറ്ററിന് ഏകദേശം അഞ്ച് രൂപ വരെ വര്‍ധിച്ചിട്ടുണ്ട്.

Content Highlight: BJP is draining public savings in installments; Kharge on fuel price hike

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more