പാട്ട്ന: ബി.ജെ.പി പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി.
തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും വോട്ട് തട്ടിപ്പ് നടത്തിയെന്നും തനിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ പേടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘എനിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ പേടിയില്ല. തേജസ്വി യാദവിനും തെരഞ്ഞെടുപ്പ് കമ്മീഷനെ പേടിയില്ല. ബീഹാറിന് ഭയമില്ല, നമ്മൾ വോട്ടിന് വേണ്ടി പോരാടണം, ഭരണഘടനയ്ക്ക് വേണ്ടി പോരാടണം,’ രാഹുൽ ഗാന്ധി പറഞ്ഞു.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകളോട് സംസാരിക്കുന്നതിനിടെ, അവരുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തായി പലരും പരാതിപ്പെട്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബീഹാറിന്റെ യഥാർത്ഥ ചിത്രം കാണിച്ചുതരാം. രാജ്യത്തിന്റെ വഴികാട്ടിയാണ് ബീഹാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യമെമ്പാടും ബി.ജെ.പിയുടെ നേതൃത്വത്തിൽ വോട്ട് മോഷണം നടക്കുന്നുണ്ടെന്ന് ഉദ്ഘാടന ചടങ്ങിൽ രാഹുൽഗാന്ധി പറഞ്ഞിരുന്നു. ഇന്ന് വോട്ട് വെട്ടിയവർ നാളെ റേഷനും വെട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രക്ക് ഇന്ന് ബീഹാറിൽ ആരംഭിച്ചു. ബീഹാറിലൂടെ 1300 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര സെപ്തംബർ 1ന് പാട്ട്നയിൽ മെഗാറാലിയോട് കൂടി സമാപിക്കും. 16 ദിവസം നീണ്ടുനിൽക്കുന്ന യാത്ര ബിഹാറിലെ ഇരുപതിലേറെ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.
അതേസമയം, രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണം കള്ളക്കഥയാണെന്ന് മാധ്യമങ്ങളോട് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
അനുവാദമില്ലാതെയാണ് രാഹുൽ ഗാന്ധി വോട്ടർമാരുടെ ചിത്രം പരസ്യപ്പെടുത്തിയതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ഗ്യാനേഷ് കുമാർ പറഞ്ഞു. ഇത്തരത്തിൽ രാഹുൽ ഗാന്ധി വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ കുറ്റപ്പെടുത്തിയിരുന്നു.
Content Highlight: BJP is denying constitutional rights, I am not afraid of you says Rahul Gandhi