| Tuesday, 21st April 2026, 10:09 pm

സ്ത്രീ സംവരണം ബി.ജെ.പി വൈകിപ്പിക്കുന്നു, സോണിയയുടെയും രാഹുലിന്റെയും പഴയ കത്ത് പുറത്തുവിട്ട് കോൺഗ്രസ്

മുഹമ്മദ് നബീല്‍

ന്യൂ ദൽഹി: സ്ത്രീ സംവരണം നടപ്പിലാക്കുന്നത് മനപൂർവ്വം വൈകിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് കോൺഗ്രസ്.

മണ്ഡല പുനർനിർണ്ണയവുമായി സംവരണത്തെ ബന്ധിപ്പിക്കുന്നത് ഇതിന് വേണ്ടിയാണെന്നും സംവരണം അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേരത്തെ എഴുതിയ കത്തുകൾ ഇതിന് തെളിവാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

സ്ത്രീ സംവരണം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2018 ജൂലൈ 16 ന് കോൺഗ്രസ് അധ്യക്ഷനായിരിക്കെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

‘എട്ട് വർഷങ്ങൾക്ക് ശേഷവും, മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ച് സംവരണം നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ താൽപര്യപ്പെടുന്ന പ്രധാനമന്ത്രി, ഈ ആവശ്യത്തിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല,’ ജയറാം രമേശ് പറഞ്ഞു.

2018 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തും അദ്ദേഹം പങ്കുവെച്ചു. അന്നത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്ത്രീ സംവരണ ബിൽ പാസാക്കുന്നത് ഉറപ്പാക്കാൻ പിന്തുണ നൽകണമെന്ന് കത്തിലൂടെ രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചിരുന്നു.

‘നിങ്ങൾക്കറിയാവുന്നത് പോലെ 2010 മാർച്ച് 9 ന് രാജ്യസഭ പാസാക്കിയ സ്ത്രീ സംവരണ ബിൽ, കഴിഞ്ഞ എട്ട് വർഷത്തിലേറെയായി ഓരോരോ കാരണങ്ങൾ പറഞ്ഞ് ലോക്സഭയിൽ തടഞ്ഞുവെച്ചിരിക്കുകയാണ്.

അന്ന് ബി.ജെ.പിയുടെ പിന്തുണയോടെ രാജ്യസഭയിൽ ഈ ബിൽ പാസാക്കിയപ്പോൾ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അരുൺ ജെയ്റ്റ്‌ലി ഈ ബിൽ പാസാക്കിയത് ചരിത്രപരവും നിർണ്ണായകവുമാണെന്നാണ് വിശേഷിപ്പിച്ചത്,’ കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.

‘പ്രധാനമന്ത്രി, പല പൊതുറാലികളിലും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും പൊതുജീവിതത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതിനെ കുറിച്ചും താങ്കൾ സംസാരിച്ചിട്ടുണ്ടല്ലോ.

സ്ത്രീകളുടെ പുരോഗതിക്കായുള്ള താങ്കളുടെ പ്രതിജ്ഞാബദ്ധത തെളിയിക്കാൻ സ്ത്രീ സംവരണ ബിൽ പാസാക്കുന്നതിന് പിന്തുണ നൽകുന്നതിനേക്കാൾ മികച്ച മറ്റൊരു വഴി എന്താണുള്ളത്,’ രാഹുൽ ഗാന്ധി 2018 ൽ പറഞ്ഞത് ജയറാം രമേശ് ഓർമിപ്പിച്ചു.

വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 2017ൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തും ജയറാം രമേശ് പങ്കുവെച്ചു.

‘കോൺഗ്രസ് പാർട്ടിയുടെ നിലപാട് ഉറച്ചതും മാറ്റമില്ലാത്തതുമാണ്. ഈ ആവശ്യത്തിന്മേൽ നടപടിയെടുക്കാതിരിക്കുകയും പിന്നീട് മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ച് ഇത് വൈകിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത് മോദി സർക്കാരാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: BJP is delaying women’s reservation, Congress releases old letter from Sonia and Rahul

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more