| Saturday, 7th March 2026, 8:41 am

ബി.ജെ.പി തുടച്ചുനീക്കേണ്ട പാമ്പുകളുടെ പാര്‍ട്ടി; സാമൂഹികമായും രാഷ്ട്രീയമായും ബഹിഷ്‌കരിക്കണം: അഭിഷേക് ബാനര്‍ജി

നിഷാന. വി.വി

കൊല്‍ക്കത്ത: ബി.ജെ.പിയെ രാഷ്ട്രീയമായും സാമൂഹികമായും ബഹിഷ്‌കരിക്കണമെന്ന് ബംഗാളിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.ഐ.ആര്‍ വഴി ഒരു കോടിയിലധികം വോട്ടര്‍മാരുടെ വോട്ടവകാശം നിഷേധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഇത് ബി.ജെ.പിയെ സഹായിക്കാനായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തതെന്നും അഭിഷേക് പറഞ്ഞു. ഈ വിഷയത്തില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരംഭിച്ച ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന മുമ്പത്തെ മുദ്രാവാക്യത്തിനപ്പുറം കാവി പാര്‍ട്ടിയെ സാമൂഹികമായി ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

2021ല്‍ ചില സിവില്‍ സൊസൈറ്റി സംഘടനകള്‍ ‘ബിജെപിക്ക് വോട്ട് ചെയ്യരുത്’ എന്ന് ആഹ്വാനം ചെയ്തിരുന്നു. ഇന്ന് ബംഗാളിലെ 10 കോടി ജനങ്ങള്‍ക്ക് മുന്നില്‍, ബിജെപിയെ ബഹിഷ്‌കരിക്കണമെന്ന് ഞങ്ങള്‍ പറയുന്നു. സാമൂഹികമായും രാഷ്ട്രീയമായും അവരെ ബഹിഷ്‌കരിക്കുക,’ അഭിഷേക് പറഞ്ഞു.

ബി.ജെ.പിയെ തുടച്ചു നീക്കേണ്ട പാമ്പുകളുടെ പാര്‍ട്ടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ പാര്‍ട്ടി വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഐ.ആര്‍ പ്രക്രിയ വലിയ തോതിലുള്ള ഒഴിവാക്കലുകള്‍ക്കും ദശലക്ഷക്കണക്കിന് വോട്ടര്‍മാരെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിനും കാരണമായെന്ന് ടി.എം.സി നേതാവ് കൂട്ടിച്ചേര്‍ത്തു.

കരട് പട്ടികയില്‍ നിന്ന് 58 ലക്ഷം പേരുകള്‍ നീക്കം ചെയ്തിരുന്നുവെന്നും എന്നാല്‍ ഫെബ്രുവരി 28 ആവുമ്പോഴേക്കും എണ്ണം 63-64 ലക്ഷമായി ഉയര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

എസ്.ഐ.ആര്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നുവെന്നും അതിനാല്‍ പുറത്താക്കല്‍ നടപടിയെ യാദൃശ്ചികമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28 ന് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം നവംബറില്‍ എസ്.ഐ.ആര്‍ പ്രക്രിയ ആരംഭിച്ചതിനുശേഷം 63.66 ലക്ഷം പേരുകള്‍, അതായത് വോട്ടര്‍മാരുടെ ഏകദേശം 8.3 ശതമാനത്തെ പുറത്താക്കി. ഇത് വോട്ടര്‍മാരുടെ എണ്ണം ഏകദേശം 7.66 കോടിയില്‍ നിന്ന് 7.04 കോടിയായി കുറച്ചു.

കൂടാതെ, 60.06 ലക്ഷത്തിലധികം വോട്ടര്‍മാരെ ‘അണ്ടര്‍ അഡ്ജുഡിക്കേഷന്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതായത് വരും ആഴ്ചകളില്‍ നിയമപരമായ സൂക്ഷ്മപരിശോധനയിലൂടെ അവരുടെ യോഗ്യത നിര്‍ണ്ണയിക്കപ്പെടും.

വോട്ടര്‍ പട്ടികയിലെ ‘യുക്തിപരമായ പൊരുത്തക്കേടുകള്‍’ വഴി വോട്ടര്‍മാരെ നീക്കം ചെയ്യാനുള്ള ‘ഗൂഢാലോചന’യുടെ ഭാഗമാണിതെന്നും അഭിഷേക് ബാനര്‍ജി ആരോപിച്ചു.

Content Highlight: BJP is a party of snakes that needs to be eradicated; it should be socially and politically boycotted: Abhishek Banerjee

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more