ചണ്ഡീഗഡ്: പഞ്ചാബിൽ ലഹരിമരുന്ന് മാഫിയക്കെതിരെ ബി.ജെ.പി ഇപ്പോൾ വലിയ തോതിലുള്ള രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. എന്നാൽ, ബി.ജെ.പി നേതാക്കൾ പറയുന്നത് കേൾക്കാൻ ആളുകൾ തയ്യാറാകുന്നുണ്ടെങ്കിലും, അവരെ പൂർണമായി വിശ്വസിക്കാൻ പഞ്ചാബിലെ ജനങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് പാർട്ടി നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയുന്നു.
ലഹരിവിപത്തിൽ തകർന്ന മൂന്ന് കുടുംബങ്ങളെ നേരിൽ കണ്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ‘ജീവിതത്തിൽ ഇത്രയധികം സങ്കടം എനിക്ക് ഇതുവരെ തോന്നിയിട്ടില്ല’ എന്ന് പ്രതികരിച്ചത് ബി.ജെ.പിക്ക് കാര്യമായി സ്വാധീനമില്ലാത്ത ഗ്രാമീണ പഞ്ചാബിന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
നേരത്തെ ബി.ജെ.പിയുടെ ലഹരിവിരുദ്ധ മാർച്ചിന്റെ സമാപന റാലിയിൽ ആളുകൾ കുറവായിരുന്നു. എന്നാൽ വിജയദശമി ദിനത്തിൽ വീണ്ടും പഞ്ചാബിലെത്തി അമിത് ഷാ നടത്തിയ സന്ദർശനം എതിരാളികളെ അമ്പരപ്പിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ബി.ജെ.പിയുടെ പ്രചാരണത്തിനെതിരെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും കോൺഗ്രസും ശക്തമായി രംഗത്തുണ്ട്. കേന്ദ്ര സർക്കാരിന്റെ ബി.എസ്.എഫ് കാവൽ നിൽക്കുന്ന അതിർത്തി വഴിയും, ഗുജറാത്തിലെ കണ്ട്ല തുറമുഖം വഴിയും ഇത്രയധികം മയക്കുമരുന്ന് വരുന്നത് തടയാൻ കേന്ദ്രത്തിന് എന്തുകൊണ്ട് കഴിയുന്നില്ല എന്നാണ് മുഖ്യമന്ത്രി ഭഗവന്ത് മാനും കോൺഗ്രസും ഒരുപോലെ ചോദിക്കുന്നത്.
പഞ്ചാബിൽ അധികാരം പിടിക്കാൻ ബി.ജെ.പി ദീർഘകാല തന്ത്രങ്ങളാണ് മെനയുന്നത്. വോട്ട് വിഹിതം കൂട്ടി 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രാമങ്ങളിൽ സ്വാധീനം ഉറപ്പിക്കാനും, 2032-ൽ ഭരണം നേടാനുമാണ് അവരുടെ നീക്കം.
കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുകയോ, ചണ്ഡീഗഢ് നഗരം പൂർണമായി പഞ്ചാബിന് വിട്ടുകൊടുക്കുകയോ ചെയ്യുന്ന അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ നടത്തിയോ അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
2020-ൽ അകാലിദളുമായുള്ള ബന്ധം പിരിഞ്ഞപ്പോൾ പാർട്ടി ഒറ്റപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്ന് പ്രമുഖ നേതാക്കളെ എത്തിച്ച് പാർട്ടി സ്വന്തം അടിത്തറ ശക്തമാക്കി.
ഇതിലൂടെ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റൊന്നും കിട്ടിയില്ലെങ്കിലും 19 ശതമാനം വോട്ട് നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞു. മുൻപ് ഹിന്ദിക്ക് പ്രാധാന്യം നൽകിയിരുന്ന പാർട്ടി ഇപ്പോൾ പഞ്ചാബി സംസ്കാരത്തെയും സിഖ് വികാരങ്ങളെയും കൂടുതൽ ചേർത്തുപിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
നിരോധിത ഗുളികകളുടെ വിൽപ്പന ചോദ്യം ചെയ്തതിന്റെ പേരിൽ മെഡിക്കൽ ഷോപ്പുകാരൻ വെടിവെച്ചുകൊന്ന ലഹരിവിരുദ്ധ പ്രവർത്തകൻ പർവീന്ദർ സിംഗ് ഝോട്ടയുടെ കുടുംബത്തെ ഷാ സന്ദർശിച്ചതും വാർത്തകളിൽ ഇടംപിടിച്ചു.
ഝോട്ടയുടെ പിതാവും മുൻ സൈനികനുമായ ഭീം സിങ്, മാധ്യമങ്ങളുടെ വിവാദ ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ ‘അദ്ദേഹം എന്റെ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്, അദ്ദേഹത്തിന് എന്റെ വീട്ടിലേക്ക് വരാം’ എന്ന് പറഞ്ഞ് അമിത് ഷായെ സ്വീകരിക്കുകയും മടങ്ങുമ്പോൾ സല്യൂട്ട് നൽകുകയും ചെയ്തു.
എങ്കിലും, കർഷക പ്രക്ഷോഭകാലം തൊട്ടുള്ള വലിയ അകൽച്ച ജനങ്ങളുടെ മനസിലുള്ളതിനാൽ, തങ്ങൾ പറയുന്നത് ജനങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കുക എന്നതാണ് ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ വിലയിരുത്തുന്നു.
Content Highlight:BJP in Punjab lacks public trust; launches anti-drug campaign with an eye on the elections for survival.