| Monday, 9th February 2026, 6:31 pm

മുസ്‌ലിം ന്യൂനപക്ഷങ്ങളെ നിരന്തരം അപരവത്കരിക്കുന്ന ഹിമന്തയെ നിലയ്ക്ക് നിര്‍ത്താന്‍ ബി.ജെ.പിക്ക് ത്രാണിയില്ല: മുഖ്യമന്ത്രി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മുസ്‌ലിം വംശഹത്യക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ച സംഭവം മതനിരപേക്ഷ സമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തെ മിയാ മുസ്‌ലിങ്ങള്‍ക്കെതിരെ ഹിമന്ത തുടര്‍ച്ചയായി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളും പരാമര്‍ശങ്ങളും ബി.ജെ.പിയുടെ മനുഷ്യത്വവിരുദ്ധ വിഭജന രാഷ്ട്രീയത്തെയാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതി.

കഴിഞ്ഞ ദിവസം അസം ബി.ജെ.പിയുടെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് ഹിമന്ത ബിശ്വ ശര്‍മ പോയിന്റ് ബ്ലാങ്കില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന വീഡിയോ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ അതിരൂക്ഷ വിമര്‍ശനം.

തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുന്ന അസമില്‍ ഭൂരിപക്ഷ വോട്ടുകള്‍ ലാക്കാക്കിയാണ് ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഭരണഘടനയെ വെല്ലുവിളിച്ച് ഇത്തരത്തില്‍ വര്‍ഗീയത വിളമ്പുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വംശഹത്യ ആഹ്വാനം നടത്തുന്ന ഒരാള്‍ എങ്ങനെയാണ് മതനിരപേക്ഷ രാഷ്ട്രത്തില്‍ ഒരു സംസ്ഥാനത്തെ നയിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

അസം മുഖ്യമന്ത്രിയെ തിരുത്താന്‍ ഇതുവരെ ബി.ജെ.പിയുടെ ദേശീയ നേതൃത്വം തയ്യാറായിട്ടില്ല. അവര്‍ പുറത്തുപറയാന്‍ മടിക്കുന്ന കാര്യം ഹിമന്ത ബിശ്വ ശര്‍മ തുറന്ന് പറഞ്ഞു എന്നതാണ് വസ്തുത.

മിയാ മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കലാണ് തന്റെ ജോലിയെന്നും അവരെ സമ്മര്‍ദത്തിലാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പറയുന്ന അസം മുഖ്യമന്ത്രിയെ നിലയ്ക്ക് നിര്‍ത്താന്‍ ആര്‍.എസ്.എസിനാല്‍ നയിക്കപ്പെടുന്ന ബി.ജെ.പിക്ക് താത്പര്യമോ ത്രാണിയോ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസ് ബി.ജെ.പിക്ക് സംഭാവന ചെയ്ത നേതാവാണ് ഹിമന്ത ബിശ്വ ശര്‍മ. ഒരുകാലത്ത് അസം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖവും സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയുമായിരുന്നു. 2015ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നശേഷം വടക്കുകിഴക്കന്‍ ഇന്ത്യയിലെ ബി.ജെ.പിയുടെ എല്ലാ വര്‍ഗീയ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഹിമന്തയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പദവിയിലിരുന്നുകൊണ്ട് മുസ്‌ലിം ന്യൂനപക്ഷങ്ങളെ നിരന്തരം അപരവത്കരിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തത്, ബി.ജെ.പിയുടെ മനസിലിരിപ്പാണ് അദ്ദേഹം പറഞ്ഞത് എന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: BJP has no power to stop Himanta, who is constantly alienating Muslim minorities: Pinarayi Vijayan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more