| Tuesday, 9th December 2025, 3:10 pm

ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ല; നോട്ടക്ക് വോട്ട് ചെയ്യാനായില്ല, വൃത്തിക്കെട്ട സംവിധാനം: പി.സി. ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂഞ്ഞാര്‍: ഇ.വി.എമ്മില്‍ നോട്ട ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ പി.സി. ജോര്‍ജ്. നോട്ടക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും ഇക്കാര്യത്തില്‍ പരാതിയുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പി.സി. ജോര്‍ജിന്റെ പ്രതികരണം.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ശൈലി വലിയ പരാജയമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. നോട്ടക്ക് വോട്ട് ചെയ്യണമെങ്കില്‍ എന്ത് ചെയ്യും? അതിനുള്ള അവകാശം തനിക്കില്ലേ? ഇതൊരു വൃത്തിക്കെട്ട സംവിധാനമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

‘ഈ വാര്‍ഡില്‍ രണ്ട് സ്ഥാനാര്‍ത്ഥികളെ ഉള്ളു. രണ്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്ക് വോട്ട് ചെയ്യാമെന്നേ ഉള്ളു. അല്ലാതെ നോട്ടക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല. ഞാന്‍ രണ്ട് സ്ഥാനാര്‍ത്ഥികളില്‍ ഇഷ്ടപ്പെട്ട ഒരാള്‍ക്ക് വോട്ട് ചെയ്തു. പക്ഷേ നോട്ട വേണ്ടേ,’ എന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ഇതൊക്കെ എന്ത് നിയമം? തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തിരിക്കുന്നത് വിവരക്കേടാണെന്നും പി.സി. ജോര്‍ജ് വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ വോട്ട് അസാധുവാക്കാനുള്ള അവകാശമുണ്ട്. നോട്ടയില്ലാത്തത് ഒരു മര്യാദക്കേടാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

‘ബി.ജെ.പിക്ക് ഇവിടെ സ്ഥാനാര്‍ത്ഥിയില്ല. അപ്പോള്‍ ഞാന്‍ ആര്‍ക്ക് വോട്ട് ചെയ്യും. നോട്ടയില്ലാത്തതിനെ കുറിച്ച് ഞാന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു. അവര്‍ ഇല്ലെന്നാണ് പറഞ്ഞത്. ബി.ജെ.പിക്കാരനായ ഞാന്‍ മറുപാര്‍ട്ടിക്ക് എങ്ങനെ വോട്ട് ചെയ്യും?,’ പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിവി പാറ്റും നോട്ടയുമുണ്ടാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമപ്രകാരമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്. നോട്ട ഉള്‍പ്പെടുത്തണമെങ്കില്‍ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടി വരും.

തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയോടും താത്പര്യമില്ലാത്തവര്‍ക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ വോട്ടിങ് മെഷീനിലുള്ള സംവിധാനമാണ് നോട്ട ബട്ടണ്‍.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷിനില്‍ നോട്ടയ്ക്ക് പകരം എന്‍ഡ് ബട്ടണാണ് ഉള്ളത്. ഉദാഹരണമായി, ജില്ലാ പഞ്ചായത്തിലേക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ താത്പര്യമുള്ളതെങ്കില്‍ അത് ചെയ്ത ശേഷം എന്‍ഡ് ബട്ടണ്‍ അമര്‍ത്താം.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ആദ്യമായി നോട്ട വന്നത്. 2013ലെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നോട്ട ഉള്‍പ്പെടുത്തിയത്.

Content Highlight: BJP has no candidate; NOTA could not vote, dirty system: P.C. George

We use cookies to give you the best possible experience. Learn more