| Wednesday, 14th August 2019, 11:18 am

മന്‍മോഹന്‍ സിംഗിന് രാജ്യസഭയിലേക്ക് വാക്കോവര്‍; സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ സ്ഥാനാര്‍ത്ഥിയ മത്സരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ബി.ജെ.പി. ഇതോടെ മന്‍മോഹന്‍ സിംഗ് രാജ്യസഭ പ്രവേശനം നേരത്തെ ഉറപ്പിച്ചു. ഇന്ത്യ ടുഡേ ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രാജസ്ഥാനിലെ രാജ്യസഭ സീറ്റിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. മന്‍മോഹന്‍ സിംഗ് ഇന്നലെ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് വേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

ഏതാണ്ട് 30 വര്‍ഷത്തോളമായി ആസാമില്‍ നിന്നുള്ള രാജ്യസഭ എം.പിയായിരുന്നു മന്‍മോഹന്‍ സിംഗ്. ആസാമില്‍ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് മന്‍മോഹന്‍ സിംഗിനെ അയക്കാനുള്ള അംഗസംഖ്യ കോണ്‍ഗ്രസിനില്ല. അതിനാലാണ് രാജസ്ഥാനില്‍ മത്സരിക്കാന്‍ മന്‍മോഹന്‍ സിംഗ് തീരുമാനിച്ചത്.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ എം.പിയുമായിരുന്ന മദന്‍ലാല്‍ സെയ്‌നി അന്തരിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ സീറ്റ് ഒഴിവ് വന്നത്.

മന്‍മോഹന്‍ സിംഗ് ഇത്തവണ തെരഞ്ഞെടുക്കുകയാണെങ്കില്‍ 2024 ഏപ്രില്‍ 3 വരെയാവും കാലാവധി.

Latest Stories

We use cookies to give you the best possible experience. Learn more