| Monday, 5th January 2026, 11:29 am

മേയറാക്കുമെന്ന് ബി.ജെ.പി ഉറപ്പ് നല്‍കിയിരുന്നു, അത്‌കൊണ്ടാണ് മത്സരിച്ചത്: ആര്‍. ശ്രീലേഖ

നിഷാന. വി.വി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറാക്കുമെന്ന് ബി.ജെ.പി നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നതായിതിരുവനന്തപുരം കൗണ്‍സിലറും മുന്‍ ഐ.പി.എസ് ഓഫീസറുമായിരുന്ന ആര്‍. ശ്രീലേഖ.

മേയറാക്കുമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയതിനാലാണ് മത്സരിച്ചതെന്നും താന്‍ ഇലക്ഷനില്‍ നില്‍ക്കാന്‍ വിസമ്മതിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ മുഖം താനാണെന്ന് കരുതിയാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് കൂടിയായതിനാല്‍ 10 സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനുള്ള ചുമതലയും തനിക്ക് നല്‍കിയതായും അവര്‍ പറഞ്ഞു.

എന്നാല്‍ അവസാന നിമിഷം കേന്ദ്ര നേതൃത്വം ഇടപ്പെട്ടതോടെ തീരുമാനം മാറ്റുകയായിരുന്നുവെന്നും വി.വി രാജേഷും ആശാ നാഥും നന്നായി പ്രവര്‍ത്തിക്കുമെന്ന് തോന്നിയതിനാലാവാം തീരുമാനമെന്നും അവര്‍ പ്രതികരിച്ചു.

‘നേതൃത്വത്തിന്റെ തീരുമാനത്തോട് തര്‍ക്കമില്ല. അത് അംഗീകരിക്കുന്നു. തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഓടാന്‍ കഴിയില്ല. എന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്.  5 വര്‍ഷം കൗണ്‍സിലറായി തുടരാന്‍ തീരുമാനിച്ചതും അതാണ്,’ ശ്രീലേഖ പറഞ്ഞു.

ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

നേരത്തെയും ശ്രീലേഖ തന്റെ അതൃപ്തി അറിയിച്ചിരുന്നു. മേയര്‍ വി.വി രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെയും സത്യപ്രയിജ്ഞ അവസാനിക്കും മുമ്പ് വേദി വിട്ട് ഇറങ്ങി പോയതും ചര്‍ച്ചയായിരുന്നു.

പാര്‍ട്ടിക്കുള്ളിലെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് മേയര്‍ സ്ഥാനത്ത് നിന്നും ശ്രീലേഖയെ തഴഞ്ഞത്.

Content Highlight: BJP had promised to make him mayor, that’s why he contested: R. Sreelekha

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more