| Tuesday, 14th April 2026, 7:54 am

തമിഴ് ശൈലിയില്‍ ഇലയില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ച് ബി.ജെ.പി, വോട്ടിന് വേണ്ടി നിങ്ങളുടെ നാടകം തമിഴ്‌നാട്ടില്‍ നടക്കില്ലെന്ന് കമന്റുകള്‍

അമര്‍നാഥ് എം.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് ബി.ജെ.പി പങ്കുവെച്ച വീഡിയോ വിവാദത്തില്‍. പ്രചരണത്തിനെത്തിയ നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം പങ്കുവെച്ചത്. തമിഴ് സ്റ്റൈലില്‍ ഇലയില്‍ ഭക്ഷണം കഴിക്കുന്ന നേതാക്കളെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

‘പ്രാതല്‍ കഴിച്ചുകഴിഞ്ഞു, തമിഴ് ശൈലിയില്‍, ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍ തമിഴ്‌നാട്ടിലെ കാര്യകര്‍ത്താക്കള്‍ക്കൊപ്പം പരമ്പരാഗതമായ തമിഴ് ശൈലിയില്‍ വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നു’ എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എന്നാല്‍ വീഡിയോയുടെ താഴെ ബി.ജെ.പിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളാണ് അധികവും.

ഒഡിഷയിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി പങ്കുവെച്ച വീഡിയോയാണ് പലരും കമന്റ് ബോക്‌സില്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഒഡിഷ മുഖ്യമന്ത്രിയായിരുന്ന വി.കെ. പാണ്ഡ്യനെ പരിഹസിക്കുന്ന തരത്തിലുള്ള വീഡിയോയായിരുന്നു 2024ലെ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി പങ്കുവെച്ചത്.

തമിഴ് രീതിയില്‍ വെള്ള ഷര്‍ട്ടും കസവ് മുണ്ടും വേഷ്ടിയും ധരിച്ചെത്തുന്ന ഒരാള്‍ ഹോട്ടലില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കഞ്ഞിയോട് സാദൃശ്യമുള്ള ഒഡിയന്‍ വിഭവം വാഴയിലയില്‍ ഒഴിച്ച് കഴിക്കാന്‍ ശ്രമിക്കുന്നതും അതില്‍ പരാജയപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്. ഒഡിഷയുടെ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരെയാണ് ഈ നാടിന് ആവശ്യം’ എന്ന് പറഞ്ഞതിന് ശേഷം ‘ബൈ ബൈ പാണ്ഡ്യന്‍ എന്ന എഴുത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

തമിഴ് ജനതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ ചെയ്തവരാണ് ബി.ജെ.പിയെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തമിഴ്‌നാട് സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നത് വോട്ടിന് വേണ്ടിയാണെന്ന് മനസിലാകുന്നുണ്ടെന്നും പലരും കമന്റ് പങ്കുവെക്കുന്നുണ്ട്. തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റിയും ബി.ജെ.പിക്കെതിരെ രംഗത്തെത്തി.

‘ഒഡിഷയിലുള്ള തമിഴര്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തിയവരാണ് ബി.ജെ.പി, ഇപ്പോള്‍ അവര്‍ക്ക് തമിഴ്‌നാട്ടിലെ വോട്ട് വേണമല്ലേ’, ബി.ജെ.പിയുടെ ഒഡിഷ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ട വീഡിയോ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് പറഞ്ഞു. ഡി.എം.കെ അനുഭാവികളും ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: BJP getting criticisms after sharing video of election campaign in Tamilnadu

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more