| Friday, 23rd May 2025, 11:55 am

പാട്ടിലൂടെ പ്രധാനമന്ത്രിയെ അപമാനിച്ചു; വേടനെതിരെ എന്‍.ഐ.എക്ക് പരാതി നല്‍കി ബി.ജെപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് വേടനെതിരെ പരാതി. പാലക്കാട് ബി.ജെ.പി നഗരസഭ കൗണ്‍സിലറായ മിനി കൃഷ്ണകുമാറാണ് എന്‍.ഐ.എയ്ക്ക് പരാതി നല്‍കിയത്. പ്രധാനമന്ത്രിയെ കപടദേശീയവാദിയെന്ന് വിശേഷിപ്പിച്ചെന്നും ഇത് തിരുത്തണമെന്നാവശ്യപ്പെട്ടുമാണ് ബി.ജെ.പി കൗണ്‍സിലര്‍ പരാതി നല്‍കിയിരിക്കുന്നത്.

‘നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കപടദേശീയവാദിയെന്നാണ് റാപ്പര്‍ വേടന്‍ തന്റെ മ്യൂസിക് നൈറ്റിലൂടെ പറഞ്ഞിരിക്കുന്നത്. ഇത് വളരെ ഗുരുതരമായ ഒരു ആരോപണമാണ്. ഊരുചുറ്റി, വാളെടുത്തവന്‍ എന്നിങ്ങനെ പ്രധാനമന്ത്രിയുടെ പേര് എടുത്ത് പറഞ്ഞാണ് വേടന്‍ ഗാനം ആലപിച്ചിരിക്കുന്നത്.

കലാകാരന്‍ എന്ന് പറഞ്ഞാന്‍ ഒരു സോഷ്യല്‍ ഇന്‍ഫ്ലുവന്‍സറാണ്. അങ്ങനെയുള്ള ഒരു സോഷ്യല്‍ ഇന്‍ഫ്ലുവന്‍സര്‍ ഇക്കാര്യങ്ങള്‍ പറയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അത് തിരുത്തുക തന്നെ ചെയ്യണം. ഇത്തരം മോശമായ സന്ദേശങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്ന് വിടുന്നത് തെറ്റായ കാര്യമാണ്,’ മിനി കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം വേടന്റെ അഞ്ച് വര്‍ഷം മുമ്പുള്ള പരിപാടിയെക്കുറിച്ചാണ് ഇപ്പോള്‍ ബി.ജെ.പി നേതാവ് പരാതി നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സി.എ.എ-എന്‍.ആര്‍.സി പ്രക്ഷോഭ സമയത്തായിരുന്നു വേടന്‍ ഈ പാട്ട് ആലപിച്ചത്.

കപടദേശവാദി നാട്ടില്‍ മത ജാതി വ്യാധി
തലവനില്ല ആധി
നാട് ചുറ്റിടാന്‍ നിന്റെ നികുതി
വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി
വാക്കെടുത്തവന്‍ ദേശദ്രോഹി തീവ്രവാദി,’ എന്നിങ്ങനെയായിരുന്നു വേടന്റെ പാട്ടിന്റെ വരികള്‍.

ഈ പാട്ട് വേടന്‍ ഊരാളി ബാന്‍ഡിന്റെ ഒരു പ്രോഗ്രാമിനിടെ ആലപിച്ചതായിരുന്നു. ഇതിനെതിരെയാണ് ബി.ജെ.പി നേതാവ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനം ടി.വി ഈ പരിപാടിക്കെതിരെ വാര്‍ത്ത നല്‍കിയിരുന്നു. പ്രധാനമന്ത്രിയെ അപമാനിച്ച് പാട്ട് പാടിയിട്ടും ഈ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല എന്നായിരുന്നു ജനം ടി.വിയുടെ റിപ്പോര്‍ട്ട്. കൂടാതെ രാജ്യത്തെ പ്രധാനമന്ത്രിയെ അപമാനിച്ചിട്ടും ഈ പാട്ട് യൂട്യൂബില്‍ നിന്ന് റിമൂവ് ചെയ്യുന്നതിനുള്ള നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല എന്നും ജനം ടി.വി റിപ്പോര്‍ട്ട് ചെയ്തു.

വേടനെ വിമര്‍ശിച്ച കേസരി പത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ പൊലീസ് കേസെടുത്തിട്ടും പ്രധാനമന്ത്രിക്കെതിരെ ഇത്തരം പരാമര്‍ശങ്ങല്‍ നടത്തിയ വേടനെതിരെ കേസ് എടുത്തിട്ടല്ല എന്നതായിരുന്നു ജനം ടി.വിയുടെ പരാതി. വേടന്‍ മതമൗലികവാധികളുടെ ടൂള്‍ ആണെന്നായിരുന്നു എന്‍ആര്‍. മധു പറഞ്ഞതെന്നും അത് ശരിവെക്കുന്നതാണ് വേടനെതിരെ ഇപ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ എന്നും ജനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: BJP files complaint with NIA against Rapper Vedan for insulting PM Narendra Modi through song

We use cookies to give you the best possible experience. Learn more