| Wednesday, 8th April 2026, 1:26 pm

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ അതിജീവന കഥ വ്യാജം; പരാതിയുമായി ബി.ജെ.പി, അന്വേഷണം വേണമെന്നുമാവശ്യം

ആദര്‍ശ് എം.കെ.

കുടക്: തടിയന്‍ഡമോളില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ജി.എസ്. ശരണ്യയ്‌ക്കെതിരെ പരാതിയുമായി ബി.ജെ.പി. ബി.ജെ.പി കുടക് റൂറല്‍ കമ്മിറ്റിയാണ് ശരണ്യയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്നാണ് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നത്. വിഷയത്തില്‍ സമഗ്രാന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഈ തിരോധാനം പ്രശസ്തി ലക്ഷ്യമിട്ടുള്ള നാടകമാണെന്നാണ് ഇവരുടെ ആരോപണം. വനത്തില്‍ ഭക്ഷണവും കൃത്യമായ വെള്ളവുമില്ലാതെ നാല് ദിവസം ഒരാള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ സാധിക്കില്ലെന്നും നാല് ദിവസത്തെ ദുരിതത്തിന് ശേഷം തിരിച്ചെത്തിയ ശരണ്യയുടെ പെരുമാറ്റത്തില്‍ ഭയമോ ക്ഷീണമോ പ്രകടമായിരുന്നില്ലെന്നും, ഇത് സംശയാസ്പദമാണെന്നും ബി.ജെ.പിയുടെ പരാതിയില്‍ പറയുന്നു.

ഒപ്പമുണ്ടായിരുന്നവര്‍ മടങ്ങിയെത്തിയിട്ടും ശരണ്യ തിരിച്ചെത്താതിരുന്നത് അന്വേഷിച്ചപ്പോള്‍ മുകളില്‍ നായയോടൊപ്പം കളിച്ചു നില്‍ക്കുന്നു എന്നായിരുന്നു ട്രക്കിങ് കഴിഞ്ഞ് മടങ്ങിയെത്തിയവരുടെ മറുപടി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാനും പ്രശസ്തി നേടാനുമായി ശരണ്യ ആസൂത്രണം ചെയ്ത നാടകമാണിതെന്നാണ് പരാതി നല്‍കിയ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നത്.

നക്‌സല്‍ സാന്നിധ്യമുള്ള മേഖലയില്‍ ഇത്തരമൊരു സംഭവം നടന്നത് ഗൗരവകരമായി കാണണമെന്നും അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കൊച്ചിയില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി ശരണ്യ കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്‍ഡമോള്‍ ട്രക്കിങ്ങിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് എത്തിയത്.

എന്നാല്‍ കാട്ടാന ശല്യമുള്ളതിനാല്‍ ഒറ്റയ്ക്ക് കയറ്റിവിടാനാകില്ലെന്ന് വനം വകുപ്പ് ജീവനക്കാര്‍ അറിയിച്ചതോടെ യാവകപ്പാടിയിലെ ഹോം സ്റ്റേയില്‍ താമസിക്കുകയായിരുന്നു. ശേഷം വനം വകുപ്പിന്റെ അനുമതി ലഭിച്ചതോടെ പത്തംഗ സംഘത്തോടൊപ്പം ഏപ്രില്‍ രണ്ടിന് രാവിലെ ശരണ്യ ട്രക്കിങ് ആരംഭിച്ചു. എന്നാല്‍, വനത്തിനുള്ളില്‍ വെച്ച് ശരണ്യയ്ക്ക് വഴി തെറ്റുകയായിരുന്നു.

തുടര്‍ന്ന് നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയത്.

Content highlight: BJP files complaint against G.S. Saranya, a Malayali woman who went missing while trekking

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more