| Wednesday, 28th October 2026, 7:05 pm

എപ്സ്റ്റീനൊപ്പമുള്ള ചിത്രങ്ങല്‍ പുറത്ത് വന്നിട്ട് ഒരാഴ്ച; ഹര്‍ദീപ് സിങ് പുരിയെ ബി.ജെ.പി വീണ്ടും രാജ്യസഭയിലെത്തിക്കും

റെന്വര്‍ പി

ഭോപാല്‍: യു.എസിലെ ലൈംഗികാതിക്രമ കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ഒപ്പമുള്ള ഫോട്ടോകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിട്ട കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് വീണ്ടും രാജ്യസഭയിലേക്ക് സീറ്റ് നല്‍കി ബി.ജെപി. മധ്യപ്രദേശില്‍ നിന്നാണ് ഹര്‍ദീപ് സിങ് പുരി മത്സരിക്കുക. രാജിവെച്ച കേന്ദ്രമന്ത്രി എല്‍ മുരുകന്‍ ഒഴിഞ്ഞ സീറ്റാണ് ഹര്‍ദീപ് സിങ് പുരിക്ക് നല്‍കിയത്.

ലൈംഗികാതിക്രമ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട അമേരിക്കന്‍ വ്യവസായി ജെഫ്രി എപ്സ്റ്റീനും ഇന്ത്യയിലെ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയും ഒരു മേശയ്ക്ക് ഇരുവശത്തുമായി ഇരിക്കുന്ന ചിത്രം ഈ മാസം 21ന് പുറത്തുവന്നിരുന്നു. യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഈ ചിത്രം കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഈ ചിത്രം പുറത്ത് വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പുരിയെ വീണ്ടും രാജ്യസഭയിലെത്തിക്കാന്‍ ബി.ജെ.പി തീരുമാനിച്ചതായുള്ള വാര്‍ത്തകള്‍ വരുന്നത്.

നേരത്തെ ഉത്തര്‍ പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി എത്തിയ പുരിയുടെ കാലാവധി നവംബറില്‍ അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. നവംബര്‍ 12 നാണ് ഉപതെരഞ്ഞെടുപ്പ്.

നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏക സിഖ് അംഗമാണ് ഹര്‍ദീപ് സിങ് പുരി. നേരത്തെ ഉത്തര്‍പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കായി ബി.ജെ.പി എട്ട് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ അതില്‍ പുരിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ പുരി കേന്ദ്രമന്ത്രിസഭയില്‍നിന്നും പുറത്ത് പോകുമെന്ന അഭ്യൂഹമുണ്ടായിരുന്നു.

അടുത്ത വര്‍ഷത്തെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ചാണ് ഇപ്പോള്‍ പുരിയെ വീണ്ടും രാജ്യസഭയിലെത്തിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്താവിനിമയ മന്ത്രാലയ സഹമന്ത്രി എല്‍. മുരുകന്‍ എം.പി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ രാജ്യസഭാംഗത്തിന്റെ
ഒഴിവുവന്നത്. രാജ്യസഭാംഗമായി 2030 വരെ കാലാവധിയുണ്ടായിരുന്നിട്ടും പെട്ടെന്നാണ് മുരുകന്‍ കേന്ദ്രമന്ത്രിസഭയില്‍നിന്നും രാജ്യസഭയില്‍നിന്നും രാജി പ്രഖ്യാപിച്ചത്. പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിന്റെ ചുമതല മുരുകനുണ്ടായിരുന്നു.

പുരിയെക്കുറിച്ച് ഈ വര്‍ഷം തുടക്കത്തില്‍ എപ്സ്റ്റീന്‍ ഫയല്‍സില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.പി.ഐ) താന്‍ ജോലി ചെയ്തിരുന്ന കാലത്ത്, അവിടുത്തെ തലവനായിരുന്ന നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് താന്‍ എപ്സ്റ്റീനെ കണ്ടതെന്നായിരുന്നു ആ വെളിപ്പെടുത്തല്‍ പുറത്ത് വന്നപ്പോള്‍ പുരി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പുരിയുടെ ആ അവകാശവാദത്തിന് വിരുദ്ധമായിരുന്നു കഴിഞ്ഞ ആഴ്ച പുറത്ത് വന്ന ചിത്രം. ചിത്രത്തില്‍ എപ്സ്റ്റീനും പുരിയും മാത്രമാണുള്ളത്.

ഈ ചിത്രം ഏത് കൂടിക്കാഴ്ചയിലേതാണെന്നോ എന്ന് പകര്‍ത്തിയതാണെന്നോ വ്യക്തമല്ല. ആരാണ് ചിത്രം പകര്‍ത്തിയതെന്നും വ്യക്തമല്ല. മറ്റാരൊക്കെ കൂടിക്കാഴ്ചക്കിടെ ആ റൂമിലുണ്ടായിരുന്നുവെന്നതടക്കുള്ള വിവരങ്ങളും ലഭ്യമല്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് എപ്സ്റ്റീന്‍. 2008-ല്‍ ഫ്ലോറിഡയില്‍ വെച്ച് എപ്സ്റ്റീന്‍ കുറ്റം സമ്മതിച്ചിരുന്നു. 2019 ജൂലൈയില്‍, ലൈംഗിക കടത്ത് സംബന്ധിച്ച ഫെഡറല്‍ കുറ്റങ്ങള്‍ ചുമത്തി അയാളെ അറസ്റ്റ് ചെയ്തു. വിചാരണ കാത്തിരിക്കുന്നതിനിടെ, 2019 ഓഗസ്റ്റില്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്ത നിലയില്‍ എപ്സ്റ്റീനെ കണ്ടെത്തുകയും ചെയ്തു.

Content Highlight: BJP fields Hardeep Singh Puri for Madhya Pradesh Rajya Sabha bypoll

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more