| Monday, 15th December 2025, 1:28 pm

അടിതെറ്റി ബി.ജെ.പി, രണ്ട് സീറ്റിലേക്കൊതുങ്ങി; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 11 സീറ്റ്‌

ആദര്‍ശ് എം.കെ.

കോഴിക്കോട്: 2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച മുന്നേറ്റം 2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാഴ്ചവെക്കാന്‍ സാധിക്കാതെ ബി.ജെ.പി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ലീഡ് നേടാന്‍ സാധിച്ചപ്പോള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കെത്തിയപ്പോള്‍ അത് വെറും രണ്ടായി കുറഞ്ഞു.

2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി ലോക്‌സഭയിലേക്കെത്തിയപ്പോള്‍ മണലൂര്‍, തൃശൂര്‍, ഒല്ലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങള്‍ ബി.ജെ.പിക്ക് ലീഡ് സമ്മാനിച്ചു.

സുരേഷ് ഗോപി. Photo: Wikipedia

മധ്യകേരളത്തില്‍ തൃശൂര്‍ ബി.ജെ.പിയെ തുണച്ചപ്പോള്‍ തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരമാണ് ആ റോള്‍ ഏറ്റെടുത്തത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി. ആറ്റിങ്ങല്‍, കഴക്കൂട്ടം, വട്ടിയൂര്‍കാവ്, നേമം, കാട്ടക്കട എന്നിവിടങ്ങളിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ലീഡ് നേടിയത്.

എന്നാല്‍ 2025ലെത്തിയപ്പോള്‍ വട്ടിയൂര്‍കാവും നേമവും ഒഴികെയുള്ള ഒമ്പത് മണ്ഡലങ്ങളും ബി.ജെ.പിയെ കൈവിട്ടു. നിലവില്‍ മറ്റ് മുന്നണികള്‍ക്ക് ലഭിച്ച വോട്ടുവിഹിതം പരിശോധിക്കുമ്പോള്‍ നേരിയ മുന്‍തൂക്കമുണ്ടെങ്കിലും, 2024ലെ കണക്കെടുക്കുമ്പോള്‍ വലിയ തോതിലുള്ള ഇടിവ് വ്യക്തമാകും.

ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആകെ ലഭിച്ച വോട്ടുകളെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വിശകലനം ചെയ്യുമ്പോഴാണ് ബി.ജെ.പിയുടെ വോട്ടുവിഹിതത്തിലുള്ള കുറവ് വ്യക്തമാകുന്നത്.

2024 പാര്‍മെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍.ഡി.എക്ക് ലീഡ് സമ്മാനിച്ച മണ്ഡലങ്ങളിലെ നിലവിലെ വോട്ടുവിഹിതം

മണ്ഡലം – 2024ലെ വോട്ടുകള്‍ – 2025ലെ വോട്ടുകള്‍ എന്നീ ക്രമത്തില്‍

മണലൂര്‍ – 61,196 – 34,604 (26,592 കുറവ്)

ഒല്ലൂര്‍ – 58,996 – 23,873 (35,123 കുറവ്)

തൃശൂര്‍ – 55,057 – 25,470 (29,587 കുറവ്)

നാട്ടിക – 66,854 – 38,492 (28,362 കുറവ്)

ഇരിങ്ങാലക്കുട – 59,515 – 35,094 (24,421 കുറവ്)

പുതുക്കാട് – 62,635 – 38,687 (23,948 കുറവ്)

സമാനമാണ് തിരുവനന്തപുരം ജില്ലയിലെയും അവസ്ഥ. 2024നെ അപേക്ഷിച്ച് 2025ല്‍ വലിയ തോതില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്.

2024 പാര്‍മെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് എന്‍.ഡി.എക്ക് ലീഡ് സമ്മാനിച്ച മണ്ഡലങ്ങളിലെ നിലവിലെ വോട്ടുവിഹിതം

മണ്ഡലം – 2024ലെ വോട്ടുകള്‍ – 2025ലെ വോട്ടുകള്‍ എന്നീ ക്രമത്തില്‍

ആറ്റിങ്ങല്‍ – 52,448 – 34,104 (18,344 കുറവ്)

കഴക്കൂട്ടം – 50,444 – 40,072 (10,322 കുറവ്)

നേമം – 61,227 – 44,816 (16,441 കുറവ്)

കാട്ടാക്കട – 47,834 – 46,426 (1,408 കുറവ്)

വട്ടിയൂര്‍കാവ് – 53,025 – 38,051 (14,974 കുറവ്)

2025 തദ്ദേശ തെരഞ്ഞെടുപ്പിലെ ആകെ വോട്ടുകളുടെ കണക്ക് പരിശോധിക്കുമ്പോള്‍ നേമത്തും വട്ടിയൂര്‍ക്കാവിലുമാണ് ബി.ജെ.പി/എന്‍.ഡിക്ക് നേരിയ തോതിലെങ്കിലും ലീഡുള്ളത്.

വട്ടിയൂര്‍കാവില്‍ 2497 വോട്ടിനും നേമത്ത് 5,049 വോട്ടിന്റെ ലീഡാണ് ഇവര്‍ക്ക് നേടാന്‍ സാധിച്ചത്. ഇവിടെ രണ്ട് സ്ഥലത്തും യു.ഡി.എഫാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഈ രണ്ട് മണ്ഡലങ്ങളും നിലവില്‍ ഭരിക്കുന്ന എല്‍.ഡി.എഫ് മൂന്നാമതാണ്.

അതേസമയം, ശേഷിച്ച ഒമ്പത് മണ്ഡലങ്ങളില്‍ എട്ടിലും എല്‍.ഡി.എഫിനാണ് മുന്നേറ്റം. നാട്ടിക – 4706, മണലൂര്‍ – 8631, ഇരിങ്ങാലക്കുട – 6688, പുതുക്കാട് – 9753, ഒല്ലൂര്‍ – 1466, ആറ്റിങ്ങല്‍ – 12944, കഴക്കൂട്ടം – 1909, കാട്ടാക്കട – 8469 എന്നിങ്ങനെയാണ് എല്‍.ഡി.എഫിന്റെ മുന്നേറ്റം. തൃശൂരില്‍ 9966 വോട്ടിന്റെ ലീഡാണ് യു.ഡി.എഫിനുള്ളത്.

Content Highlight: BJP faces setback in constituencies where it made progress in 2024 parliamentary elections

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more