| Sunday, 14th December 2025, 1:02 pm

തിരുവനന്തപുരത്ത് ഭരിച്ച പഞ്ചായത്തില്‍ ഒറ്റ വാര്‍ഡിലൊതുങ്ങി ബി.ജെ.പി; ഒറ്റയ്ക്ക് ഭരണം പിടിച്ച് എല്‍.ഡി.എഫ്

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: തിരുവനന്തപുരം കരവാരം ഗ്രാമപഞ്ചായത്തില്‍ വന്‍ തിരിച്ചടി നേരിട്ട് ബി.ജെ.പി. കഴിഞ്ഞ തവണ ഭരിച്ച പഞ്ചായത്തില്‍ വെറും ഒറ്റ സീറ്റിലേക്ക് ബി.ജെ.പി ചുരുങ്ങി. ആകെയുള്ള 20 സീറ്റില്‍ 13ഉം നേടി എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്തു.

കഴിഞ്ഞ തവണ 18ല്‍ ഏഴ് സീറ്റുകളാണ് ബി.ജെ.പിക്ക് ഇവിടെ നേടാന്‍ സാധിച്ചത്. കേവലഭൂരിപക്ഷം നേടാന്‍ സാധിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി ജെ.ഡി.എസിനെയടക്കം ഒപ്പം കൂട്ടിയാണ് ഭരണത്തിലേറിയത്.

എന്നാല്‍ ഇത്തവണ ബി.ജെ.പി ഒന്നടങ്കം തകര്‍ന്നടിയുകയായിരുന്നു. 20ാം വാര്‍ഡായ കരവാരത്ത് മാത്രമാണ് താമര വിരിഞ്ഞത്. 656 വോട്ടുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി മനോജ് വിജയം സ്വന്തമാക്കി. 399 വോട്ട് നേടിയ സി.പി.ഐയുടെ ആര്‍. രതീഷിനെയാണ് പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 257.

പഞ്ചായത്തില്‍ എസ്.ഡി.പി.ഐ നാല് സീറ്റുകള്‍ സ്വന്തമാക്കിയപ്പോഴാണ് എന്‍.ഡി.എ സഖ്യം ഒന്നിലേക്ക് തകര്‍ന്നടിഞ്ഞത് എന്നതും ശ്രദ്ധേയമാണ്. കൊണ്ണൂരി, വഞ്ചിയൂര്‍, പള്ളിമുക്ക്, മുല്ലശ്ശേരി വാര്‍ഡുകളിലാണ് എസ്.ഡി.പി.ഐയുടെ വിജയം.

കൊണ്ണൂരിയില്‍ എസ്.ഡി.പി.ഐയുടെ ബുഷ്‌റാബീവി 441 വോട്ട് നേടിയപ്പോള്‍ 57 വോട്ട് മാത്രം നേടി ബി.ജെ.പി നാലാം സ്ഥാനത്തേക്ക് വീണു. മുല്ലശ്ശേരിയിലും എന്‍.ഡി.എ സഖ്യം നാലമതാണ്. വഞ്ചിയൂരില്‍ മൂന്ന് വോട്ടിനാണ് ബി.ജെ.പി പരാജയപ്പെട്ടത്. പള്ളിമുക്കില്‍ എല്‍.ഡി.എഫിനും കീഴില്‍ മൂന്നാമതായി.

അതേസമയം, ആകെയുള്ള 20 വാര്‍ഡുകളില്‍ 13ലും വിജയിച്ച് എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്തു.

തിരുവനന്തപുരം ജില്ലയൊന്നാകെ പരിശോധിക്കുമ്പോള്‍ ഇടതിന് കാലിടറിയെങ്കിലും ഏറ്റവുമധികം പഞ്ചായത്തുകള്‍ പിടിച്ചെടുക്കാന്‍ സാധിച്ചു. ആകെയുള്ള 73 പഞ്ചായത്തില്‍ 35ലും എല്‍.ഡി.എഫ് ഒന്നാമതതെത്തി. യു.ഡി.എഫ് 25ലേക്ക് നിലമെച്ചപ്പെടുത്തിയെപ്പോള്‍ ഏഴ് പഞ്ചായത്തുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല.

11 ബ്ലോക്ക് പഞ്ചായത്തില്‍ ആറില്‍ യു.ഡി.എഫും അഞ്ചില്‍ എല്‍.ഡി.എഫും മുന്നേറി. കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെട്ടപ്പോഴും ജില്ലാ പഞ്ചായത്ത് കൈവിടാതെ കാക്കാനും എല്‍.ഡി.എഫിന് സാധിച്ചു.

Content Highlight: BJP faces a major setback in Karavaram Grama Panchayat, Thiruvananthapuram.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more