| Monday, 27th October 2025, 4:35 pm

ബി.ജെ.പിക്കെതിരെ മത്സരിക്കാന്‍ ബി.ജെ.പി എം.എല്‍.എ; തെരഞ്ഞെടുപ്പിന് മുമ്പ് ബീഹാറില്‍ വെട്ടി നിരത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാരോപിച്ച് ബീഹാറില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എം.എല്‍.എ അടക്കം ആറ് നേതാക്കളെ പുറത്താക്കി ബി.ജെ.പി. കഹാല്‍ഗോന്‍ എം.എല്‍.എ പവല്‍ യാദവ് അടക്കമുള്ളവരെയാണ് ബി.ജെ.പി പുറത്താക്കിയിരിക്കുന്നത്.

ഇവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്നും ബി.ജെ.പി പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

‘സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഇവര്‍ ആറ് പേരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിരെ ഇവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്.

പാര്‍ട്ടി സീറ്റ് നിഷേധിച്ചതിന് പിന്നാലെ കഹാല്‍ഗോണ്‍ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു,’ ബി.ജെ.പി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സണ്ണി യാദവ്, ശ്രാവണ്‍ കുശ്വാഹ, ഉത്തം ചൗധരി, മാരുതി നന്ദന്‍ മാരുതി, പവന്‍ ചൗധരി എന്നിവരാണ് ബി.ജെ.പി പുറത്താക്കിയ മറ്റ് നേതാക്കള്‍.

‘എന്‍.ഡി.എ പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഇവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇത് പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമാണ്,’ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു.

ബീഹാറില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യുവും ഇത്തരത്തില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. സിറ്റിങ് എം.എല്‍.എ അടക്കം 16 നേതാക്കളെയാണ് ജെ.ഡി.യു പുറത്താക്കിയിരിക്കുന്നത്. എന്‍.ഡി.എ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് നടപടി.

ഗോപാല്‍പൂര്‍ എം.എല്‍.എ ഗോപാല്‍ മണ്ഡല്‍, മുന്‍ നിയമസഭാ കൗണ്‍സില്‍ അംഗം സഞ്ജീവ് ശ്യാം സിങ്, മുന്‍ മന്ത്രി ഹിംരാജ് സിങ്, മുന്‍ എം.എല്‍.എ മഹേശ്വര്‍ പ്രസാദ് യാദവ്, പ്രഭാത് കിരണ്‍ എന്നിവരടക്കമുള്ള പ്രധാന നേതാക്കളെയാണ് പാര്‍ട്ടി പുറത്താക്കിയതാണെന്നാണ് റിപ്പോര്‍ട്ട്.

ജെ.ഡി.യു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഗോപാല്‍ മണ്ഡല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഗോപാല്‍ മണ്ഡല്‍ സഖ്യത്തിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്.

മുന്‍ ആര്‍.ജെ.ഡി നേതാവായ ബുനോ മണ്ഡലാണ് ഗോപാല്‍പൂരില്‍ നിന്നുള്ള ജെ.ഡി.യുവിന്റെ സ്ഥാനാര്‍ത്ഥി.

ജെ.ഡി.യു നേതാവ് കോമള്‍ സിങ്ങിനെ ഗൈഘട്ടിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ മഹേശ്വര്‍ പ്രസാദ് യാദവ്, പ്രഭാത് കിരണ്‍ എന്നിവ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കതിഹാറില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതാണ് ഹിംരാജ് സിങ്ങിനെതിരായ നടപടിക്ക് കാരണമായത്.

Content Highlight: BJP expels six leaders, including an MLA, just before the elections.

We use cookies to give you the best possible experience. Learn more