| Saturday, 15th November 2025, 4:48 pm

അഴിമതിയും ക്രിമിനൽ പശ്ചാത്തലവും ചോദ്യം ചെയ്തതിന് ബീഹാറിൽ മുൻ കേന്ദ്രമന്ത്രിയെ പുറത്താക്കി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ന: ബീഹാറിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുൻ കേന്ദ്ര മന്ത്രി ആർ. കെ. സിങ്ങിനെ പാർട്ടിയിൽ നിന്നും പുറത്താക്കി ബി.ജെ.പി. പാർട്ടിയിലെ അഴിമതിയും നേതാക്കളുടെ ക്രിമിനൽ പശ്ചാത്തലവും ചോദ്യം ചെയ്തതിനാണ് മുൻ കേന്ദ്രമന്ത്രിയെ പുറത്താക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ആറ് വർഷത്തേക്കാണ് ആർ. കെ. സിങ്ങിനെ പുറത്താക്കിയത്.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ, അച്ചടക്ക ലംഘനങ്ങൾ എന്നിവയാണ് ആർ. കെ. സിങ്ങിനെതിരെ ആരോപിച്ചത്. സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് എം.എൽ.സി അശോക് കുമാർ അഗർവാളിനെയും കതിഹാർ മേയർ ഉഷ അഗർവാളിനെയും ബി.ജെ.പി സസ്‌പെൻഡ് ചെയ്‌തു.

നിതീഷ് കുമാർ സർക്കാരിനെതിരെ അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചതും നിരവധി എൻ.ഡി.എ സ്ഥാനാർത്ഥികളെ പരസ്യമായി ചോദ്യം ചെയ്തതുമാണ് സിങ് നടത്തിയ വിമത പ്രവർത്തനങ്ങളെന്ന് പാർട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് കുമാർ സർക്കാരിനെതിരെ 62,000 കോടി രൂപയുടെ വൈദ്യുതി കുംഭകോണം ആർ.സിങ് ആരോപിച്ചിരുന്നു.
കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

താരാപൂരിലെ വോട്ടർമാരോട് എൻ.ഡി.എ സ്ഥാനാർഥി സാമ്രാട്ട് ചൗധരിക്ക് വോട്ട് ചെയ്യരുതെന്നും സിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർട്ടി പറഞ്ഞു.

ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ജെ.ഡി.യു പ്രവർത്തകൻ അനന്ത് സിങ്, ആർ.ജെ.ഡി പ്രവർത്തകൻ സൂരജ്‌ഭാൻ സിങ് എന്നിവർ കൊലക്കുറ്റ പ്രതികളാണെന്നും ആർ.സിങ് ആരോപിച്ചിരുന്നു.

കരകട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ ബി.ജെ.പി നേതാക്കൾ ഭോജ്പുരി താരം പവൻ സിങ്ങിന് കൈക്കൂലി നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആരയിൽ നിന്ന് പരാജയപ്പെട്ടതോടെ താൻ പാർട്ടിയിൽ അതൃപ്തനായിരുന്നെന്നും ബി.ജെ.പിയിലെ ചിലരാണ് അതിന് കാരണമെന്നും ആർ. സിങ് പറഞ്ഞിരുന്നു.

സിങ്ങിന് പാർട്ടി നോട്ടീസ് അയക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക മറുപടി നൽകണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. അശോക് അഗർവാളിനും ഉഷ അഗർവാളിനും പാർട്ടി നോട്ടീസ് അയച്ചിട്ടുണ്ട്.

‘നിങ്ങൾ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ട്. ഇത് അച്ചടക്കലംഘനമാണ്. പാർട്ടി ഇതിനെ ഗൗരവമായാണ് കാണുന്നത്. ഇത് പാർട്ടിക്ക് ദോഷം ചെയ്‌തു. നിങ്ങളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നു. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഒരാഴ്‌ചക്കകം ബോധിപ്പിക്കണം,’ ബിഹാർ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ഇൻ ചാർജ് അരവിന്ദ് ശർമ നൽകിയ നോട്ടീസിൽ പറയുന്നു.

Content Highlight: BJP expels former Union Minister in Bihar for questioning corruption and criminal background

We use cookies to give you the best possible experience. Learn more