| Sunday, 15th November 2026, 6:58 am

നെഹ്‌റുവിന്റെ കത്തുകളുടെ ഉടമസ്ഥാവകാശം: തമ്മിലടിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റ ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹമെഴുതിയ കത്തുകളുടെ ശേഖരത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വാക്‌പോര്.

ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന നെഹ്‌റു ആര്‍ക്കൈവ്‌സിന് എന്നും അതിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

1903 മുതല്‍ 1964 വരെയുള്ള കാലഘട്ടത്തിലെ നെഹ്‌റുവിന്റെ തെരഞ്ഞെടുത്ത കൃതികളുടെ 100 വാല്യങ്ങള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ ശേഖരമായ നെഹ്‌റു ആര്‍ക്കൈവിന് വലിയ ജനപിന്തുണ ലഭിച്ചതായി ജയറാം രമേശ് പറഞ്ഞു.

2025 ജനുവരിയില്‍ ആരംഭിച്ച ആര്‍ക്കൈവിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്ത് സന്ദര്‍ശകരും 40 ലക്ഷത്തിലധികം പേജ് വ്യൂസും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഏകദേശം 77,000 പേജുകളുള്ള ഈ ശേഖരത്തില്‍ 34,000 ടെക്സ്റ്റ് രേഖകളും 3,000 ലേറെ ചിത്രങ്ങളും ഉണ്ടെന്നും രാജ്യത്തെ രൂപപ്പെടുത്തിയ ഒരാളുടെ കണ്ണിലൂടെ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയെ മനസിലാക്കാന്‍ ഇവ അനിവാര്യമാണെന്നും ജയറാം രമേശ് പറഞ്ഞു.

തന്റെ കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കാനും വിമര്‍ശിക്കാനും ജയറാം രമേശ് മറന്നില്ല. ചരിത്രത്തെ വികൃതമാക്കുന്നവര്‍ ഇതുവരെ ചെയ്തുപോന്നത് പോലെ നെഹ്റുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹത്തിന്റെ പൈതൃകത്തെ സംരക്ഷിക്കുന്ന കവചമായി ഡിജിറ്റല്‍ ആര്‍ക്കൈവ് നിലകൊള്ളുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘ചരിത്രത്തെ വികൃതമാക്കുന്നവര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍, എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ. ഉണ്ടെന്ന് പറയപ്പെടുന്ന നേതാവിന്റെ നേതൃത്വത്തില്‍, ഇതുവരെ ചെയ്തുപോന്നതുപോലെ നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്താനും ഇകഴ്ത്താനും ശ്രമിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ മഹത്തായ പൈതൃകത്തെ സംരക്ഷിക്കുകയും പരിപാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ‘കവച’മായി ഈ ഡിജിറ്റല്‍ ആര്‍ക്കൈവ് നിലകൊള്ളും,’

ഇതിന് പിന്നാലെയാണ് ബി.ജെ.പി ദേശീയ വക്താവ് സി.ആര്‍. കേശവന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 2008 മെയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നെഹ്‌റുവിന്റെ കത്തുകള്‍ പെട്ടെന്ന് കൈക്കലാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നെഹ്‌റുവിന്റെ കത്തുകളടങ്ങിയ 51 കാര്‍ട്ടണുകള്‍ തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവ തിരികെ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍, കോണ്‍ഗ്രസിന്റെ ‘പ്രഥമകുടുംബ’ത്തിന് ഭയപ്പെടാനും മറച്ചുവെക്കാനും എന്തോ ഉണ്ടെന്ന സംശയം കൂടുതല്‍ ശക്തിപ്പെടുമെന്ന് കേശവന്‍ പറഞ്ഞു.

‘രാഹുല്‍ ഗാന്ധി പലപ്പോഴും ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് ‘ഡറോ മത്’ (ഭയപ്പെടരുത്). നെഹ്‌റുവിന്റെ ജന്മവാര്‍ഷിക ദിനത്തിലെങ്കിലും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിന്റെ പ്രഥമ കുടുംബത്തിനും ദേശീയ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കാനും രാജ്യത്തിന് അവകാശപ്പെട്ട നെഹ്‌റുവിന്റെ കത്തുകളടങ്ങിയ 51 കാര്‍ട്ടണുകള്‍ തിരികെ നല്‍കാനുമുള്ള ധൈര്യമുണ്ടാകുമോ?,’ കേശവന്‍ ചോദിച്ചു.

1971ല്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയ്ക്ക് ( 2023ല്‍ പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി- പി.എം.എല്‍.എല്‍- എന്ന് പുനര്‍ നാമകരണം ചെയ്തു) സംഭാവനയായി നല്‍കിയ ഈ കത്തുകള്‍ 2008 മെയില്‍ സോണിയ ഗാന്ധി പെട്ടെന്ന് തിരിച്ചെടുത്തെന്നാണ് ആരോപണം.

എഡ്വിന മൗണ്ട്ബാറ്റണും മറ്റ് പ്രമുഖ വ്യക്തികളുമായി നെഹ്‌റു നടത്തിയ കത്തിടപാടുകള്‍ ഉള്‍പ്പെടുന്ന ഈ ശേഖരം കോണ്‍ഗ്രസ് കുടുംബം തിരികെ നല്‍കിയില്ലെങ്കില്‍, കോണ്‍ഗ്രസിന്റെ പ്രഥമ കുടുംബം ഭയപ്പെടുന്നുവെന്നും അവര്‍ക്ക് മറച്ചുവെക്കാന്‍ എന്തോ ഉണ്ടെന്നുമുള്ള സംശയം കൂടുതല്‍ ശക്തിപ്പെടുമെന്നും കേശവന്‍ പറഞ്ഞു.

കത്തുകള്‍ രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണെന്നും ആരുടെയും സ്വകാര്യസ്വത്തല്ലെന്നും അവ പി.എം.എം.എലിന് തിരിച്ച് നല്‍കണമെന്നും കേശവന്‍ ആവശ്യപ്പെട്ടു.

Content  Highlight: BJP demands to return 51 cartons of  Nehru’s letters, tell Rahul  Gandhi not to get afraid.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more