| Monday, 22nd September 2025, 5:20 pm

സി.പി.ഐ.എമ്മിനോ പൊലീസിനോ എതിരെ പരാമര്‍ശമില്ല; അനില്‍ കുമാറിന്റെ ആത്മഹത്യ കുറിപ്പിന്റെ പൂര്‍ണരൂപം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി കൗണ്‍സിലര്‍ കെ. അനില്‍ കുമാറിന്റെ ആത്മഹത്യ കുറിപ്പിന്റെ പൂര്‍ണ രൂപം പുറത്ത്. രണ്ട് പേജുള്ള ആത്മഹത്യ കുറിപ്പിന്റെ പൂര്‍ണ രൂപമാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഇപ്പോള്‍ തന്നെ എല്ലാവരും കുറ്റപ്പെടുത്തുകയാണെന്നും ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വലിയ മാനസിക പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അനില്‍കുമാര്‍ കത്തില്‍ പറഞ്ഞു.

ആത്മഹത്യകുറിപ്പില്‍ സി.പി.ഐ.എമ്മിനെതിരെയോ പൊലീസിനെതിരെയോ ഒരു പരാമര്‍ശവുമില്ല. നേരത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അനില്‍ കുമാറിന്റെ ആത്മഹത്യയ്ക്ക് കാരണം സി.പി.ഐ.എമ്മാണെന്ന് ആരോപിച്ചിരുന്നു.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കിന് ഒരുപാട് തുക തിരിച്ചുപിടിക്കാനുണ്ടെന്നും ഒരു രീതിയിലുമുള്ള ക്രമക്കേടും താനോ ഭരണ സമിതിയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്. മാത്രമല്ല ബിനാമി ലോണുകളോ വകമാറ്റലുകളോ ചെയ്തിട്ടില്ലെന്നും അനില്‍കുമാര്‍ കത്തില്‍ പറഞ്ഞു.

ആളുകള്‍ക്ക് തുക തിരിച്ചു നല്‍കാന്‍ സാധിക്കാത്തതില്‍ മാനസിക വിഷമമുണ്ടെന്നും എല്ലാവരും തന്നെ കുറ്റപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ തന്റെ ഭാര്യയേയും മക്കളേയും വേട്ടയാടരുതെന്നും അദ്ദേഹം ആത്മഹത്യാ കുറിപ്പിന്റെ അവസാന ഭാഗത്ത് എഴുതിയിട്ടുണ്ട്.

പണം നിക്ഷേപിച്ചത് ഒരു സൊസൈറ്റിയിലാണെന്നും അതിന്റെ എഫ്.ഡി സര്‍ട്ടിഫിക്കറ്റ് തന്നിട്ടുണ്ടെന്നും ഇതൊന്നും വ്യക്തിപരമായി എടുക്കേണ്ട ആവശ്യമില്ലെന്നും കത്തിന്റെ അവസാന ഭാഗത്ത് അനില്‍കുമാര്‍ എഴുതിയിട്ടുണ്ട്.

തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഈ സമ്മര്‍ദത്തില്‍ വിധേയപ്പെട്ടാണെന്ന് മനസിലാക്കണമെന്നും എഴുതിയാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്. ചിലവിനുള്ള പണവും വെച്ചിട്ടുണ്ടെന്ന് അനില്‍കുമാര്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: BJP councilor K. Anil Kumar’s suicide note in full released

We use cookies to give you the best possible experience. Learn more