| Saturday, 6th May 2023, 12:37 pm

ഖാര്‍ഗെയെ വധിക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തി: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കുടുംബത്തെയും വധിക്കാന്‍ ബി.ജെ.പി ശ്രമിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.

ചിത്താപൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്റെ ശബ്ദ സന്ദേശം പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു. ഖാര്‍ഗെക്കെതിരെ അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയും തീര്‍ത്തു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ശബ്ദരേഖ.

കോണ്‍ഗ്രസ് അധ്യക്ഷനെയും കുടുംബത്തെയും വധിക്കാന്‍ ഗൂഢാലോചന നടത്തുന്നത് തളളികളയേണ്ട ഒന്നല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പത്രസമ്മേളനത്തില്‍ പറഞ്ഞു.

‘ഇതൊരു സാധാരണക്കാരനല്ല പറഞ്ഞിരിക്കുന്നത്. ചിത്താപൂര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാണ്. എന്നെക്കാള്‍ നന്നായി ഇവരെ കുറിച്ചെല്ലാം നിങ്ങള്‍ക്ക് അറിയാവുന്നതാണ്’, സുര്‍ജെവാല പറഞ്ഞു. പ്രധാനമന്ത്രിയും കര്‍ണാടക പൊലീസും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും നിശബ്ദനായിരിക്കുമെന്ന് എനിക്കറിയാം. എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് മിണ്ടാതിരിക്കാനാകില്ല. അവര്‍ ഇതിന് ഉചിതമായ മറുപടി നല്‍കും’, സുര്‍ജേവാല പറഞ്ഞു.

ശബ്ദരേഖ പിന്നീട് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചു. ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് മത്സരിക്കുന്ന മണ്ഡലമാണ് ചിത്താപൂര്‍.

അതിനിടെ, ബെംഗളൂരു നഗരത്തില്‍ 26 കിലോമീറ്റര്‍ ദൂരം നീണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു. ബെംഗളൂരു നഗരത്തിന്റെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങള്‍ വഴിയാണ് റോഡ് ഷോ നടക്കുന്നത്. ജെ.പി നഗറില്‍ നിന്ന് തുടങ്ങി, ജയനഗര്‍ വഴി ഗോവിന്ദരാജനഗര്‍ പിന്നിട്ട് മല്ലേശ്വരം വരെയാണ് മോദിയുടെ റോഡ് ഷോ.

റോഡ് ഷോയുടെ ഭാഗമായി നഗരത്തിന്റെ പല മേഖലകളിലും കനത്ത ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തി ദിവസമായതിനാല്‍ രാവിലെ ജോലിക്ക് പോകുന്നവരടക്കമുള്ളവര്‍ മെട്രോ പോലുള്ള ഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

CONTENT HIGHLIGHTS: BJP conspired to assassinate Kharge: Congress

Latest Stories

We use cookies to give you the best possible experience. Learn more