മുബൈ: ശിവജിയെ ടിപ്പു സുല്‍ത്താനുമായി ഉപമിച്ച കോണ്‍ഗ്രസ് നേതാവ് ഹര്‍ഷവര്‍ധന്‍ സപ്കലിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.
ശിവജിക്കുണ്ടായിരുന്ന ധീരതയും അദ്ദേഹം അവതരിപ്പിച്ച സ്വരാജ്യം എന്ന ആശയവുമാണ് ടിപ്പു സുല്‍ത്താന് പ്രചോദനമായതെന്നും അത് ഉള്‍ക്കൊണ്ടാണ് ബ്രിട്ടീഷുക്കാര്‍ക്കെതിരെ ടിപ്പു യുദ്ധം ചെയ്തതെന്നുമായിരുന്നു സപ്കലിന്റെ പരാമര്‍ശം.
‘ടിപ്പു സുല്‍ത്താന്‍ അപാരമായ ധീരത പ്രകടിപ്പിച്ച ഒരു യോദ്ധാവായിരുന്നു. ഇന്ത്യയുടെ യഥാര്‍ത്ഥ പുത്രനായിരുന്നു. വിഷലിപ്തമായതോ വര്‍ഗീയമായതോ ആയ ഒരു ആശയങ്ങളും തന്നെ സ്വാധീനിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. ധീരതയുടെ പ്രതീകമെന്ന നിലയില്‍ ടിപ്പു സുല്‍ത്താനെ ശിവജിക്ക് തുല്യമായി നാം കാണണം,’ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ ടിപ്പു സുല്‍ത്താന്‍ ഹിന്ദു വിരുദ്ധനായിരുന്നുവെന്നും താരതമ്യം ചെയ്യുന്നത് അപമാനമാണെന്നും ബി.ജെ.പി – ശിവസേന പ്രവര്‍ത്തകര്‍ പറഞ്ഞു.
പിന്നീട് കോണ്‍ഗ്രസ് ഭവന് പുറത്ത് പ്രതിഷേധിക്കുകയും കല്ലേറും സംഘര്‍ഷവും ഉണ്ടാവുകയും ചെയ്തു.
സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കു രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായി ജോയിന്റ് പോലീസ് കമ്മീഷണര്‍ രഞ്ജന്‍ കുമാര്‍ ശര്‍മ പറഞ്ഞു.
അതേസമയം ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി പൂനെ സിറ്റി യൂണിറ്റ് പ്രസിഡന്റ് ധീരജ് ഘാട്ടെ സപ്കലിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് എഫ.്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മോഹന്‍ ജോഷി പറഞ്ഞു.
കല്ലേറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അതിനെതിരെ നടപടി ആവശ്യപ്പെട്ട് ശിവജി നഗറിലെ പൊലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുകയായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ഈ വിഷയത്തില്‍ ഇരട്ടത്താപ്പ് സ്വീകരിക്കുകയാണെന്നും ധ്രുവീകരണ അജണ്ട പിന്തുടരുകയാണെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ദ് പറഞ്ഞു.
പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂരു ഭരണാധികാരി ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ ബി.ജെ.പി പൊതു ഇടങ്ങളിലും ഔദ്യോഗിക വേദികളിലും പിന്തുണച്ചിരുന്നതായും സാവന്ത് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അകോളയിലെയും മുംബൈയിലെയും പൗരസമിതികളില്‍ പാസാക്കിയ പ്രമേയങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, ബി.ജെ.പി നേതാക്കള്‍ മുമ്പ് ചരിത്രപുരുഷനായ ടിപ്പുവിനെ പ്രശംസിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കാപട്യത്തെ എന്ത് വിളിക്കണമെന്ന് ചോദിച്ച അദ്ദേഹം ടിപ്പു സുല്‍ത്താന്‍ ശ്രീരാമന്റെ പേരുള്ള ഒരു മോതിരം ധരിച്ചിരുന്നതായും പറഞ്ഞു.
ടിപ്പു സുല്‍ത്താന്റെ പേരിടാനുള്ള അകോല മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 2012 ലെ പ്രമേയം, മുംബൈയിലെ ഒരു റോഡിന് പേര് നല്‍കാനുള്ള ബിജെപി കോര്‍പ്പറേറ്റര്‍മാരുടെ പിന്തുണയോടെയുള്ള 2013 ലെ നിര്‍ദ്ദേശം, അന്ധേരിയില്‍ (പടിഞ്ഞാറ്) 2001 ലെ റോഡിന് പേര് നല്‍കല്‍ എന്നിവയുള്‍പ്പെടെയുള്ള കൂടുതല്‍ ഉദാഹരണങ്ങളും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ടിപ്പു സുല്‍ത്താന്റെ ശവകുടീരം സന്ദര്‍ശിച്ച് പ്രശംസാ വാക്കുകള്‍ എഴുതിയിട്ടുണ്ടെന്നും 2017 ല്‍ കര്‍ണാടക നിയമസഭയില്‍ അന്നത്തെ പ്രസിഡന്റ് രാം നാഥ് കോവിന്ദ് ടിപ്പു സുല്‍ത്താനെ പ്രശംസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം മലേഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം വെച്ചതിനെ തുടര്‍ന്ന് ശിവസേന രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഭരണ കൂടം ചിത്രം നീക്കം ചെയ്യുകയായിരുന്നു.
Content Highlight: BJP-Congress clash in Pune over remark that Tipu should be seen as similar to Shivaji; Injured