| Wednesday, 20th March 2019, 11:26 am

ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല; പത്തനംതിട്ടയില്‍ സുരേന്ദ്രന്‍: എം.ടി രമേശിനേയും കൃഷ്ണദാസിനേയും വെട്ടി ബി.ജെ.പി പട്ടിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇഴഞ്ഞു നീങ്ങിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. നീണ്ട ചര്‍ച്ചയ്ക്കും തര്‍ക്കത്തിനും ഒടുവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള മല്‍സരിക്കേണ്ടെന്ന തീരുമാനം ബി.ജെ.പി കേന്ദ്രനേതൃത്വം എടുത്തതായാണ് സൂചന. ഇതോടെ ശ്രീധരന്‍ പിള്ള കണ്ണ് വെച്ച പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ മത്സരിപ്പിച്ചേക്കും.

ദേശീയ ശ്രദ്ധ നേടിയ മണ്ഡലത്തില്‍ മത്സരിക്കാനുള്ള താത്പര്യം ശ്രീധരന്‍പിള്ളയും ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രനുവേണ്ടി വ്യാപകമായ പ്രചാരണം തുടങ്ങിയതോടെയാണ് ശ്രീധരന്‍പിള്ള വെട്ടിലായത്. സുരേന്ദ്രന് സീറ്റ് നല്‍കിയില്ലെങ്കില്‍ പത്തനംതിട്ടയില്‍ ബിജെപിയില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ലഭിക്കില്ലെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രശ്നപരിഹാരത്തിന് കേന്ദ്രനേതൃത്വം ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

Read Also : വെള്ളിയാഴ്ചത്തെ ബാങ്കുവിളി ന്യൂസിലന്‍ഡ് ടി.വിയിലൂടെയും റേഡിയോയിലൂടെയും ബ്രോഡ്കാസ്റ്റ് ചെയ്യുമെന്ന് പ്രധാനമന്ത്രി ജസീണ്ട; കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും പ്രഖ്യാപനം

അതേസമയം പി.കെ.കൃഷ്ണദാസും എം.ടി.രമേശും പട്ടികയില്‍ നിന്ന് ഒഴിവാകും. ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മല്‍സരിച്ചേക്കും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും , എ.എന്‍ രാധാകൃഷ്ണനും ചാലക്കുടിയിലും മത്സരിക്കും. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്നും ഏതാണ്ട് ഉറപ്പായി.

കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചൊവ്വാഴ്ച ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കെ. സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാനും ശ്രീധരന്‍പിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനില്‍ക്കാനും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതെന്നാണ് സൂചന.

ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം.ടി രേമേശ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരായിരുന്നു പത്തനംതിട്ട സീറ്റിനുവേണ്ടി ആവശ്യമുന്നയിച്ചിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ത്തന്നെ എം.ടി രമേശിന്റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും പേരുകള്‍ തള്ളിപ്പോയിരുന്നു.

ചര്‍ച്ചകള്‍ ഇന്നലെയോടെ പൂര്‍ത്തിയായെങ്കിലും ഇന്ന് അമിത് ഷാ ആയിരിക്കും സ്ഥാനാര്‍ത്ഥി  പട്ടികയയ്ക്ക് അന്തിമ രൂപം നല്‍കുക. അന്തിമ പട്ടികയില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇന്നോ നാളെയോ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.

Latest Stories

We use cookies to give you the best possible experience. Learn more