| Monday, 7th July 2025, 9:38 am

ബംഗാളില്‍ സി.പി.ഐ.എമ്മിനേയും കോണ്‍ഗ്രസിനേയും സഖ്യത്തിന് വിളിച്ച് ബി.ജെ.പി; ബി.ജെ.പിയെ പുറത്താക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് തിരിച്ചടിച്ച് പാര്‍ട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മമത സര്‍ക്കാരിനെ താഴെയിറക്കാന്‍ സി.പി.ഐ.എമ്മിനേയും കോണ്‍ഗ്രസിനേയും സഖ്യത്തിന് ക്ഷണിച്ച് ബി.ജെ.പി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് 2026ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മഹാസഖ്യം രൂപീകരിക്കണമെന്ന് പറഞ്ഞാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ ഇരുപാര്‍ട്ടികളേയും സഖ്യത്തിനായി ക്ഷണിച്ചത്.

ബംഗാളിലെ ഇസ്‌ലാമിക മതമൗലികവാദത്തിനെതിരേയും മതഭ്രാന്തിനെതിരേയും പോരാടുന്നതിന് ഒരു കൂട്ടായ രാഷ്ട്രീയ ശ്രമം ആവശ്യമാണെന്ന് സമിക് ഭട്ടാചാര്യ പറഞ്ഞു. ഭാരതീയ ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ബംഗാളിലെ ഇന്ദിരഗാന്ധി ലൈബ്രറിയിലെ ഏഴായിരത്തോളം പുസ്തകങ്ങള്‍ അഗ്നിക്കിരയായെന്നും മുര്‍ഷിദാബാദില്‍ അധ്യാപകരെ അദ്ദേഹം തന്നെ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ച സംഭവമുണ്ടായെന്നും ഇവയെല്ലാം ഇസ്‌ലാമിക ഫാസിസത്തിന് ഉദാഹരണമാണെന്നും ബി.ജെ.പി നേതാവ് അവകാശപ്പെട്ടു. ഇസ്‌ലാമിക ഫാസിസം ലോകത്തിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1947ല്‍ ബംഗാള്‍ സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ബില്ലില്‍ ജ്യോതി ബസു തന്റെ പാര്‍ട്ടിയുടെ നിലപാടിന് വിപരീതമായി വോട്ട് ചെയ്‌തെന്നും ഇന്ന് ആ ചരിത്രമൊക്കെ മറക്കാന്‍ ശ്രമിച്ചുകൊണ്ട് ഏപ്രില്‍ 15ന് തൃണമൂല്‍ പശ്ചിമ ബംഗാള്‍ ദിനം ആഘോഷിക്കുകയാണെന്നും സമിക് ഭട്ടാചാര്യ അവകാശപ്പെട്ടു.

കോണ്‍ഗ്രസ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ശ്യാമപ്രസാദിന്റെ നിര്‍ദ്ദേശത്തിനെ അനുകൂലിച്ച് വോട്ട് ചെയ്ത എം.എല്‍.എമാര്‍ക്കും പശ്ചിമ ബംഗാള്‍ സൃഷ്ടിച്ച ജ്യോതി ബസുവിനും രത്തന്‍ലാല്‍ ബ്രഹ്‌മയ്ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു. നിങ്ങള്‍ ജ്യോതി ബസുവിനെ ബഹുമാനിക്കുന്നുവെങ്കില്‍ അദ്ദേഹം നിര്‍മിച്ച പശ്ചിമ ബംഗാളിനെ രക്ഷിക്കാന്‍ മുന്നോട്ട് വരണമെന്നും ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.

അടല്‍ ബിഹാരി വാജ്പേയി തന്റെ എല്ലാ ആയുധങ്ങളും ഇന്ദിരഗാന്ധിക്ക് കൈമാറിയിരുന്നുവെന്നും ഇന്നത്തെ പോരാട്ടം രാഷ്ട്രീയത്തിന് അതീതമായി ഉയരാനുള്ള പോരാട്ടം കൂടിയാണെന്നും സമിക് ഭട്ടാചാര്യ അവകാശപ്പെടുകയുണ്ടായി. എന്നാല്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസസും ബി.ജെ.പിയുടെ ക്ഷണത്തെ പാടെ തള്ളിക്കളഞ്ഞു.

ബി.ജെ.പി അപരിഷ്‌കൃതരും പ്രാകൃതരുമായ ആളുകളുടെ പാര്‍ട്ടിയാണെന്ന് ജ്യോതി ബസു തന്നെ വാജ്പേയിയോട് പറയാറുണ്ടായിരുന്നെന്ന് സി.പി.ഐ.എം നേതാവ് ശതരൂപ് ഘോഷ് പ്രതികരിച്ചു. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ബി.ജെ.പിക്ക് സ്ഥാനമുണ്ടാകരുതെന്നും അതിനാല്‍, ജ്യോതി ബസുവിനെപ്പോലെ ബംഗാളിനെ രക്ഷിക്കണമെങ്കില്‍ വര്‍ഗീയമല്ലാത്ത ബംഗാളിനെ രക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ദിരാഗാന്ധി എപ്പോഴാണ് വാജ്‌പേയിയുടെ ആയുധമെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. ഭരണഘടന മാറ്റാനും, ഒരു ഹിന്ദു രാഷ്ട്രം രൂപീകരിക്കാനും ആഗ്രഹിക്കുന്ന രാജ്യത്തെ വര്‍ഗീയ ശക്തികളായെ ബി.ജെ.പിയെ പുറത്താക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നെ താന്‍ പറയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: BJP calls on CPI(M) and Congress for alliance; both party denies the request

We use cookies to give you the best possible experience. Learn more