| Sunday, 27th July 2025, 9:50 am

മദര്‍ തെരേസയുടെ പേര് ആരോഗ്യപദ്ധതിക്ക് നല്‍കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, മതപരിവര്‍ത്തന അജണ്ടയെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിക്ക് മദര്‍ തെരേസയുടെ പേര് നല്‍കിയതില്‍ മതപരിവര്‍ത്തന അജണ്ടയെന്ന് ബി.ജെ.പി. മുന്‍ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യപദ്ധതിയുടെ പേര് മാറ്റാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ആരോപണം. പദ്ധതിക്ക് മദര്ഡ തെരേസയുടെ പേര് വെച്ചതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. മതപരിവര്‍ത്തന അജണ്ടയാണിതെന്ന് ബി.ജെ.പി ആരോപിച്ചു.

രഘുബര്‍ ദാസ് നയിച്ച മുന്‍ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു അടല്‍ മൊഹല്ല ക്ലിനിക്. എന്നാല്‍ അടുത്തിടെ കൂടിയ ക്യാബിനറ്റ് മീറ്റിങ്ങില്‍ മന്ത്രിസഭ ഈ പേര് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. നഗരങ്ങളിലെ ചേരികളില്‍ താമസിക്കുന്നവരുടെ അടിസ്ഥാന ആരോഗ്യപ്രശ്‌നങ്ങള്‍ ശക്തിപ്പെടുത്താനും, മരുന്നുകളും പരിശോധകളും തുടങ്ങിയവ സൗജന്യമായി നല്‍കാനും വേണ്ടി ആരംഭിച്ച പദ്ധതിയായിരുന്നു ഇത്.

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഈ പദ്ധതിയുടെ പേര് മദര്‍ തെരേസ അഡ്വാന്‍സ് ഹെല്‍ത്ത് ക്ലിനിക്ക് എന്ന് പേര് മാറ്റിയത്. ഇതിന് പുറമെ മുന്നോട്ടുവച്ച 20 നിര്‍ദേശങ്ങള്‍ക്കും മുഖ്യമന്ത്രി ക്യാബിനറ്റ് യോഗത്തില്‍ അംഗീകാരം നല്‍കി.

എന്നാല്‍ ഈ തീരുമാനത്തിന് പിന്നാലെ ബി.ജെ.പി ആരോപണവുമായി രംഗത്തെത്തി. മതപരിവര്‍ത്തനത്തിനുള്ള നീക്കമാണ് ഇതെന്ന് ബി.ജെ.പി ഈ നീക്കത്തെ വിശേഷിപ്പിച്ചു. സംസ്ഥാനത്തെ ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ബി.ജെ.പി കുറച്ച് കാലമായി ആരോപണമുയര്‍ത്തിയിരുന്നു.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുന്‍ പ്രതിപക്ഷ നേതാവും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ അമര്‍ കുമാര്‍ രംഗത്തെത്തി. ജാര്‍ഖണ്ഡും മദര്‍ തെരേസയും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്ന് അമര്‍ കുമാര്‍ ചോദിച്ചു. മതപരിവര്‍ത്തനത്തിനുള്ള ശ്രമമാണിതെന്നും ആ അജണ്ടയുടെ ഭാഗമായാണ് ഹേമന്ത് സോറന്‍ ഈ നീക്കം നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.

‘ജാര്‍ഖണ്ഡ് എന്ന സംസ്ഥാനം തന്നെ ബി.ജെ.പിയുടെ വനാഞ്ചല്‍ പദ്ധതിയുടെ ഫലമാണ്. അടല്‍ ജിയുടെ സമ്മാനമാണിത്. ആ പേര് മാറ്റിയതുവഴി ഹേമന്ത് സോറന് പ്രത്യേക അജണ്ടകളുണ്ട്. ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് മതപരിവര്‍ത്തനം,’ അമര്‍ കുമാര്‍ സിങ് പറഞ്ഞു.

വാജ്‌പേയിയുടെ പേര് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വീണ്ടും ജയിലില്‍ പോകാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പിയുടെ ഗൊദ്ദ എം.പി. നിഷികാന്ത് ദുബെ ആരോപിച്ചു. മദര്‍ തെരേസയുടെ പേരില്‍ പുതിയ പദ്ധതി ആരംഭിക്കാമെന്നും വാജ്‌പേയിയുടെ പേര് മാറ്റിയത് എന്തിനായിരുന്നെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് പറഞ്ഞ് ഹേമന്ത് സോറന്‍ ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ദരിദ്രര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി പ്രയത്‌നിക്കുകയും ജീവിതം മാറ്റിവെക്കുകയും ചെയ്തയാളാണ് മദര്‍ തെരേസയെന്നും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും സോറന്‍ പറഞ്ഞു.

‘രോഗത്തിന് മതമില്ല. ആയിരക്കണക്കിന് ആളുകള്‍ക്ക് അവര്‍ സഹായം നല്‍കി. ആരോഗ്യസംരക്ഷണത്തിലാണ് മദര്‍ തെരേസ കൂടുതല്‍ ശ്രദ്ധ നല്‍കിയത്. അതിനാല്‍ ആരോഗ്യപദ്ധതിക്ക് അവരുടെ പേര് തന്നെയാണ് ഏറ്റവുമുചിതം. പേര് മാറ്റുന്നതിന്റെ പ്രവണത ആദ്യം കൊണ്ടുവന്നത് ബി.ജെ.പിയാണ്,’ ഹേമന്ത് സോറന്‍ പറയുന്നു.

Content Highlight: BJP calls convertion agenda of Jharkhand Government after giving Mother Theresa’s name for health mission

We use cookies to give you the best possible experience. Learn more