| Monday, 5th March 2018, 8:53 pm

തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ത്രിപുരയില്‍ അക്രമമഴിച്ചു വിട്ട് ബി.ജെ.പി; ആക്രമണവിവരം പുറത്തുവിട്ട പെണ്‍കുട്ടിയ്ക്ക് നേരെ ബലാത്സംഗ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ ത്രിപുരയില്‍ അക്രമമഴിച്ചുവിട്ട് ബി.ജെ.പി. സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി തകര്‍ക്കപ്പെട്ടു.

ഇതിനിടെ ബി.ജെ.പി അക്രമത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 19 കാരിക്കു നേരെ ബലാത്സംഗ ഭീഷണി ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. വീടിനു പുറത്തിറങ്ങാനാവില്ലെന്നും തന്റെ നാട്ടുകാരെയും വീട്ടുകാരെയും ഓര്‍ത്ത് ഉറങ്ങാനാവില്ലെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഒട്ടേറെപേര്‍ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഈ അക്രമങ്ങളുടെ ദൃശ്യങ്ങളാണ് 19കാരിയായ പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ബലാത്സംഗഭീഷണി ഉണ്ടായതെന്ന് പെണ്‍കുട്ടി പറയുന്നു.

“ഞാന്‍ ത്രിപുരയിലെ ഖൊവെയ് വില്ലേജില്‍ നിന്നാണ്. എന്റെ അമ്മാവന്‍ സി.പി.ഐ.എമ്മിന്റെ ഖൊവെയ് സബ്ഡിവിഷണല്‍ മെമ്പറാണ്. ഞങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റ് കുടുംബമാണ് കമ്മ്യൂണിസത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഇപ്പാള്‍ ഞങ്ങള്‍ വേട്ടയാടപ്പെടുകയാണ്. എനിക്കും എന്റെ കുടുംബത്തിനും വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ്. അക്രമം എങ്ങും പടര്‍ന്നിരിക്കുകയാണ്. അവര്‍ കര്‍ഷകരെയും തൊഴിലാളികളെയും തിരഞ്ഞുപിടിച്ച് അക്രമിക്കുകയാണ് വീട് വിട്ടുപുറത്തുപോകാന്‍ സാധിക്കുന്നില്ല. ഞാന്‍ ഒരു 19 വയസുള്ള പെണ്‍കുട്ടിയാണ്. ഈ കാലയളവിനുള്ളിലെ എന്റെ ചെറിയ ജീവിതത്തില്‍ ഇതുപോലൊരു അനുഭവം ആദ്യമാണ്. വീട്ടുകാരെയും അയല്‍വാസികളെയും നാട്ടുകാരെയും ഓര്‍ത്ത് ഉറങ്ങാന്‍ സാധിക്കുന്നില്ല. എന്താണ് ചെയ്യുക.. ഞങ്ങളെ രക്ഷിക്കു..” ഭീഷണിക്കുശേഷം പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണിത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം 200 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സി.പി.ഐ.എം എം.പി ജിതേന്ദ്ര ചൗധരിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട വിവരം ത്രിപുര ഡി.ജി.പി അഖില്‍ കുമാര്‍ ശുക്ലയും സ്ഥിരീകരിച്ചു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അക്രമമല്ലാതെ ബി.ജെ.പിയില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്നും ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സി.പി.ഐ.എം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more