| Sunday, 12th October 2025, 7:08 pm

ബി.ജെ.പിയും ജെ.ഡി.യുവും 101 സീറ്റില്‍ വീതം; ചിരാഗിന് 29 സീറ്റ്; ബീഹാറില്‍ എന്‍.ഡി.എ സീറ്റ് വിഭജനം പൂര്‍ത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍.ഡി.എ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ബി.ജെ.പിയും ജനതാദള്‍ യുണൈറ്റഡും(ജെ.ഡി.യു) 101 വീതം സീറ്റുകളില്‍ മത്സരിക്കും.

എന്‍.ഡി.എ സഖ്യത്തിലെ മറ്റൊരു പ്രബല പാര്‍ട്ടിയായ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി(റാം വിലാസ്)ക്ക് 29 സീറ്റുകളില്‍ മത്സരിക്കും.

രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍.എല്‍.എം), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്.എ.എം)എന്നീ പാര്‍ട്ടികള്‍ ആറ് വീതം സീറ്റുകളിലുമാണ് മത്സരിക്കുക.

ബി.ജെ.പിയുടെ ബീഹാര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഞായറാഴ്ച സീറ്റ് വിഭജനം അറിയിച്ചത്. ബീഹാറിലെ 243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തമാസമാണ് നടക്കുന്നത്.

എന്‍.ഡി.എ സഖ്യകക്ഷികള്‍ സമാധാനത്തോടെയും സൗഹൃദത്തോടെയുമാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് പ്രധാന്‍ പ്രതികരിച്ചു. എന്‍.ഡി.എ സര്‍ക്കാരിനെ വരവേല്‍ക്കാന്‍ ബീഹാര്‍ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നേരത്തെ മുന്‍മുഖ്യമന്ത്രി കൂടിയായ ജിതന്‍ റാം മാഞ്ചി നയിക്കുന്ന എച്ച്.എ.എമ്മും ഉപേന്ദ്ര കുശ് വാഹയുടെ ആര്‍.എല്‍.എമ്മും തമ്മില്‍ സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റയ്ക്ക് മത്സരിക്കുമെന്നും എന്‍.ഡി.എ സഖ്യം വിട്ടേക്കുമെന്നും മാഞ്ചിയുടെ  ഭീഷണിയുണ്ടായിരുന്നു.

15 സീറ്റായിരുന്നു എച്ച്.എ.എം ആവശ്യപ്പെട്ടിരുന്നത്. ഏഴ് മുതല്‍ എട്ട് വരെ സീറ്റുകള്‍ നല്‍കാനാകൂവെന്ന് ബി.ജെ.പിയും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ആറ് സീറ്റുകള്‍ നല്‍കി പ്രഖ്യാപനം നടത്തിയതോടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്നാണ് വിലയിരുത്തല്‍. ന്യൂദല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മാഞ്ചി ബി.ജെ.പിയുടെ നയങ്ങള്‍ക്ക് വഴങ്ങിയെന്നാണ് സൂചന.

അതേസമയം, പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്ക് ഘടകക്ഷികളുമായി തര്‍ക്കമില്ലെന്നും ഉടനെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്നും അറിയിച്ചിട്ടുണ്ട്. നാളത്തെ(തിങ്കളാഴ്ച) പത്രസമ്മേളനത്തില്‍ സീറ്റ് വിഭജനം പ്രഖ്യാപിക്കുമെന്നാണ് ആര്‍.ജെ.ഡി എം.എല്‍.എ ഭായ് വീരേന്ദ്ര അറിയിച്ചത്.

Content Highlight: BJP and JDU win 101 seats each; Chirag gets 29 seats; NDA seat sharing in Bihar complete

We use cookies to give you the best possible experience. Learn more