| Thursday, 4th February 2016, 10:20 pm

മോദിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ തുടച്ചു നീക്കും: അക്ബറുദ്ദീന്‍ ഒവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: നരേന്ദ്രമോദിയും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) പാര്‍ട്ടിയും കൈകോര്‍ത്താല്‍ രാജ്യത്ത് നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ തുടച്ചു നീക്കാനാകുമെന്ന് അക്ബറുദ്ദീന്‍ ഒവൈസി. ഹൈദരാബാദിലെ ബാബനഗറില്‍ ജനുവരി 30ന് നടത്തിയ പ്രസംഗത്തിനിടെയാണ് ഒവൈസിയുടെ പരമാര്‍ശം. കോണ്‍ഗ്രസ് നേതാക്കള്‍ ഗാന്ധി കുടുംബത്തിന് അടിമപ്പണി ചെയ്യുന്നവരാണെന്നും പ്രസംഗത്തിനിടെ ഒവൈസി പറഞ്ഞു.

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരനാണ് അക്ബറുദ്ദീന്‍. ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞടുപ്പ് അടുത്ത വേളയിലാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കൊണ്ട് ഒവൈസി രംഗത്ത് എത്തിയിരിക്കുന്നത്. പ്രസംഗം ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ബീഹാര്‍ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിയുമായി എ.ഐ.എം.ഐ.എം രഹസ്യധാരണ ഉണ്ടാക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിലെ കിഷന്‍ഗഞ്ച്, കത്തിഹാര്‍, ആരാരിയ, പുര്‍ണിയ എന്നീ ജില്ലകളിലായി 25ഓളം സീറ്റുകളിലാണ് ഒവൈസിയുടെ പാര്‍ട്ടി മത്സരിച്ചിരുന്നത്. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി പ്രയോഗിച്ച തന്ത്രമായാണ് ഇത് വിലയിരുത്തപ്പെട്ടിരുന്നത്.

ബൈദരാബാദില്‍ മാത്രം സ്വാധീനം ഉണ്ടായിരുന്ന ഇത്തിഹാദുല്‍ മുസ്‌ലിമീന് ഇക്കഴിഞ്ഞ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ 2 സീറ്റുകള്‍ നേടാനായിരുന്നു. കോണ്‍ഗ്രസ്-എന്‍.സി.പി വോട്ടുബാങ്ക് തകര്‍ത്ത് കൊണ്ടായിരുന്നു  ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ വിജയിച്ചത്.

We use cookies to give you the best possible experience. Learn more