| Thursday, 23rd April 2026, 1:09 pm

ബി.ജെ.പി ഏജന്റ്, ഗോ ബാക്ക്; ഹുമയൂണ്‍ കബീറിനെതിരെ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

നിഷാന. വി.വി

കൊല്‍ക്കത്ത: ആംജനത ഉന്നായാന്‍ പാര്‍ട്ടി മേധാവിയും മുന്‍ തൃണമൂല്‍ നേതാവുമായ ഹുമയൂണ്‍ കബീറിനെ തടഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

മുര്‍ഷിദാബാദിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.

ടി.എം.സി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയും ‘ബി.ജെ.പി ഏജന്റ്’, ‘ഗോ ബാക്ക്’ എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കുകയുമായിരുന്നു. ഇത് പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ആയിരം കോടി നല്‍കിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുസ്ലിം, ന്യൂനപക്ഷ വോട്ടുകള്‍ അടര്‍ത്തിമാറ്റി ബി.ജെ.പിക്ക് നല്‍കാമെന്ന് പറയുന്ന ഹുമയൂണ്‍ കബീറിന്റെ പുറത്തെത്തിയ വീഡിയോ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും പുറത്ത് വിട്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധം.

തൃണമൂല്‍ കോണ്‍ഗ്രസ് തന്റെ പാര്‍ട്ടിയിലെ 27 സ്ഥാനാര്‍ത്ഥികളെ പണം നല്‍കി സ്വാധീനിച്ചതായി ഹുമയൂണ്‍ കബീര്‍ നേരത്തെ ആരോപിച്ചിരുന്നു. 9 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ നല്‍കിയാണ് സ്ഥാനാര്‍ത്ഥികളെ പിന്‍വലിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. 142 സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ 115 ഇടത്ത് മാത്രമേ സ്ഥാനാര്‍ത്ഥികളുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി മമത ബാനര്‍ജി വോട്ടര്‍മാരെ ധ്രുവീകരിക്കാനായി ക്ഷേത്രങ്ങള്‍ക്ക് ഗ്രാന്റുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള ‘ഹിന്ദു പ്രീണന’ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംഉന്നായാന്‍ പാര്‍ട്ടിയുടെ ബൂത്ത് ലെവല്‍ ഏജന്റുമാരെ ആക്രമിച്ചതായും അവര്‍ ആരോപിച്ചു.

മുര്‍ഷിദാബാദിലെ ചിലയിടങ്ങളില്‍ ബോംബേറ് നടന്നതായും എ.ജെ.യു.പി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര സേന ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിയുമെന്നും ഹുമയൂണ്‍ കബീര്‍ പറഞ്ഞു.

പശ്ചിമബംഗാളിലെ 294 സീറ്റിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്നാണ് (വ്യാഴാഴ്ച) ആരംഭിച്ചത്.

വടക്കന്‍ ബംഗാളിലെ എട്ട് ജില്ലകളിലെ 54 സീറ്റുകളിലും മുര്‍ഷിദാബാദ്, നാദിയ, ബിര്‍ഭം, ഹുഗ്ലി എന്നിവിടങ്ങളിലെ സീറ്റുകളും ഉള്‍പ്പെടെ 152 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29നാണ് രണ്ടാം ഘട്ടം. മെയ് 4നാണ് ഫലപ്രഖ്യാപനം.

Content Highlight: BJP agent, go back; Trinamool Congress protests against Humayun Kabir

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more