| Wednesday, 14th October 2026, 6:29 pm

'ബി.ജെ.പിയ്ക്ക് വേണ്ടി കൂടുതല്‍ വോട്ടുകള്‍ നേടും': വിവാദമായി ഒഡീഷ നിയുക്ത ഗവര്‍ണറുടെ വാക്കുകള്‍

ദേവിക ജയചന്ദ്രന്‍

ഭുവനേശ്വര്‍: സംസ്ഥാനത്ത് ബി.ജെ.പിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് ഒഡീഷ നിയുക്ത ഗവര്‍ണര്‍ ബ്രജ് മോഹന്‍ റാം. പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.ഡി രംഗത്ത് വന്നു.

റാഞ്ചിയില്‍ ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം ഒഡീഷയിലെ ബി.ജെ.പി എസ്.സി(ഷെഡ്യൂള്‍ഡ് കാസ്റ്റ്) മോര്‍ച്ചയെ കൂടുതല്‍ ശ്കതമാക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുമെന്ന് ബാജ് മോഹന്‍ റാം പറഞ്ഞിരുന്നു.

‘ഝാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ ദളിത് മോര്‍ച്ച പ്രസിഡന്റ് ആയിരുന്ന ഞാന്‍ അവിടെ സംഘടനയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒഡീഷയിലും എസ്.സി മോര്‍ച്ചയുണ്ട്. ചുമതലയേറ്റ ശേഷം അതിനെ കൂടുതല്‍ സജീവമാക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കും’, റാം പറഞ്ഞു.

ആത്മാര്‍ത്ഥതയും വിശ്വസ്ഥതയുമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനായി സ്വയം വിശേഷിപ്പിച്ച റാം ബി.ജെ.പിയ്ക്ക് കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ പദവി നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും റാം നന്ദി പറഞ്ഞു.

ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന നിഷ്പക്ഷതയെ ഈ പരാമര്‍ശം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നുവെന്ന് ബി.ജെ.ഡി പറഞ്ഞു.

‘ഒഡീഷയില്‍ ബി.ജെ.പിയുടെ സംഘടനയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞത് ഞങ്ങളെ ഞെട്ടിച്ചു. ഗവര്‍ണര്‍ നിഷ്പക്ഷനായിരിക്കണം എന്ന തത്വത്തിന് വിരുദ്ധമാണ് ഈ പ്രസ്താവന’, ബി.ജെ.ഡി വക്താവ് ലെനിന്‍ മൊഹന്തി ബുധനാഴ്ച പറഞ്ഞു.

1991ല്‍ ആദ്യമായി ബിഹാര്‍ നിയമസഭയിലേക്കും പിന്നീട് മൂന്ന് തവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട റാം ബി.ജെ.പി എസ്.സി മോര്‍ച്ചയുടെ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

Content Highlight: BJD slams newly appointed Governor Braj Mohan Ram over remark on strengthening BJP organisation in Odisha.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more