| Tuesday, 6th May 2025, 9:11 am

ഒഡീഷയിലെ സർക്കാർ സ്‌കൂളുകളിൽ ആദിവാസി പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന് ബി.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ സ്‌കൂളുകളിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന് പ്രതിപക്ഷ പാർട്ടി ബിജു ജനതാ ദൾ. സർക്കാർ നടത്തുന്ന റെസിഡൻഷ്യൽ സ്കൂളുകളിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന് ആരോപിച്ച ബി.ജെ.ഡി ദേശീയ പട്ടികവർഗ കമ്മീഷൻ ഉടനടി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു.

പാർട്ടിയുടെ ഒരു പ്രതിനിധി സംഘം നയാപള്ളിയിലുള്ള ദേശീയ പട്ടികവർഗ കമ്മീഷന്റെ റീജിയണൽ ഓഫീസിൽ മെമ്മോറാണ്ടം സമർപ്പിച്ചു. ആദിവാസി വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ ഒഡീഷ സർക്കാർ നടപടിയെടുക്കുന്നില്ലെന്നും മറിച്ച് പ്രതികളെ സംരക്ഷിക്കുകയാണെന്നും മെമ്മോറാണ്ടത്തിൽ ബി.ജെ.ഡി പറഞ്ഞു.

‘ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു മുഖ്യമന്ത്രി സംസ്ഥാനത്തുണ്ടെങ്കിലും ആദിവാസി പെൺകുട്ടികൾക്കെതിരായ ബലാത്സംഗങ്ങളും അതിക്രമങ്ങളും തുടർച്ചയായി സംഭവിക്കുന്നത് അത്യന്തം ദുഃഖകരമാണ്. ഈ സംഭവങ്ങൾ മാധ്യമങ്ങളിൽ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൽ നിന്ന് പരിഹാരമോ ശിക്ഷാ നടപടിയോ ഉണ്ടാകുന്നതായി കാണുന്നില്ല. നേരെമറിച്ച് നീതി ഉറപ്പാക്കുന്നതിനുപകരം കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് സർക്കാരിൽ നിന്നും ഉണ്ടാകുന്നത്,’ ബി.ജെ.ഡി മെമ്മോറാണ്ടത്തിൽ പറഞ്ഞു.

2024 ജൂലൈ മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂളുകളിൽ കുറഞ്ഞത് 26 വിദ്യാർത്ഥികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു. മുൻ കോരാപുട്ട് എം.പി ജിന ഹികാക്ക, മുൻ എം.എൽ.എമാരായ രഘുറാം പദാൽ, പ്രഫുല്ല പങ്കി, പ്രീതം പാധി എന്നിവരടങ്ങുന്ന ബി.ജെ.ഡി പ്രതിനിധി സംഘമാണ് മെമ്മോറാണ്ടം നൽകിയത്.

കോരാപുട്ട് ജില്ലയിലെ ഗുനൈഗുഡ എസ്.സി ആൻഡ് എസ്‌.ടി ഗേൾസ് ഹോസ്റ്റലിൽ എട്ട് വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടിരുന്നെന്നും മെയ് മൂന്നിന് തങ്ങളുടെ സംഘം സംഭവസ്ഥലം സന്ദർശിച്ചതായും ബി.ജെ.ഡി പറഞ്ഞു.

ഏപ്രിൽ 13 നായിരുന്നു കോരാപുട്ട് ജില്ലയിലെ സർക്കാർ നടത്തുന്ന ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ബലാത്സംഗത്തിനിരയായത്. എന്നാൽ, ഹോസ്റ്റൽ അധികൃതർ പെൺകുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകാതെ വീട്ടിലേക്ക് അയക്കുകയായിരുന്നു. അവർ സംഭവം പൊലീസിനെ അറിയിച്ചില്ലെന്നും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ബി.ജെ.ഡി പ്രതിനിധി സംഘം ആരോപിച്ചിരുന്നു.

പെൺകുട്ടിയുടെ ആരോഗ്യനില വഷളായതിന് ശേഷമാണ് സംഭവം പുറത്തുവന്നതെന്നും പരാതിയിൽ പറയുന്നു.

Content Highlight: BJD claims minor tribal girls unsafe in state-run schools in Odisha, seeks NCST intervention

We use cookies to give you the best possible experience. Learn more