വമ്പന്‍ താരങ്ങളുടെ സിനിമകളില്ലാത്ത ദീപാവലി റിലീസിനാണ് ഇത്തവണ കോളിവുഡ് സാക്ഷ്യം വഹിച്ചത്. ഇന്‍ഡസ്ട്രിയിലെ പുത്തന്‍ സെന്‍സേഷനായ പ്രദീപ് രംഗനാഥന്റെ ഡ്യൂഡും ധ്രുവ് വിക്രമിന്റെ ബൈസണുമാണ് ബോക്‌സ് ഓഫീസില്‍ ഒരുമിച്ച് മാറ്റുരച്ചത്. ഫെസ്റ്റിവല്‍ റിലീസായെത്തിയ സിനിമകളില്‍ ആദ്യദിനം മുന്നേറിയത് ഡ്യൂഡായിരുന്നു.
പ്രദീപന്റെ തുടര്‍ച്ചയായ മൂന്നാം ഹിറ്റ് ഡ്യൂഡിലൂടെ പിറവിയെടുത്തു. ആറ് ദിവസം കൊണ്ട് ചിത്രം 100 കോടിയോളം സ്വന്തമാക്കി. ഈ വര്‍ഷം പ്രദീപിന്റെ രണ്ടാമത്തെ 100 കോടി ചിത്രമായി ഡ്യൂഡ് മാറി. എന്നാല് ദീപാവലി അവധി അവസാനിച്ച ശേഷം ബോക്‌സ് ഓഫീസില്‍ ചിത്രം കിതക്കുകയായിരുന്നു. പിന്നീടുള്ള രണ്ടാഴ്ചയില്‍ ചിത്രം ആകെ 20 കോടി മാത്രമാണ് നേടിയത്.
അതേ സമയം ബൈസണ്‍ ആദ്യദിനം വെറും 3.4 കോടി മാത്രമായിരുന്നു നേടിയത്. വേര്‍ഡ് ഓഫ് മൗത്തിലൂടെ ബോക്‌സ് ഓഫീസില്‍ ബൈസണ്‍ കത്തിക്കയറുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്. വളരെ പതിയെ ബോക്‌സ് ഓഫീസില്‍ മുന്നേറിയ ചിത്രം ഇതിനോടകം 85 കോടിയോളം സ്വന്തമാക്കി. പലയിടത്തും ഇപ്പോഴും ചിത്രം ഹൗസ്ഫുള്ളാണ്.
നവംബര്‍ 21ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ ഒ.ടി.ടിയിലെത്തും. തമിഴ്‌നാട്ടിലെ സാധാരണ ഗ്രാമത്തില്‍ ജനിച്ച് ഇന്ത്യയുടെ കബഡി ടീമില്‍ ഇടം നേടിയ മാനതി ഗണേശന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാരി സെല്‍വരാജ് ബൈസണ്‍ ഒരുക്കിയത്. ധ്രുവ് വിക്രമിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍.
എന്നാല്‍ ബൈസണ് മുമ്പ് ഒ.ടി.ടിയിലെത്തിയ ഡ്യൂഡിനെ സോഷ്യല്‍ മീഡിയ കീറിമുറിക്കുകയാണ്. വളരെ മോശം കഥയാണ് ചിത്രത്തിന്റേതെന്ന് പലരും അഭിപ്രായപ്പെടുന്നു. ദുരഭിമാനക്കൊലയെ കളിയാക്കുന്ന ചിത്രം അതിന്റെ പ്രധാന തീമില്‍ നിന്ന് മാറിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഏറ്റവുമധികം ട്രോള് ലഭിക്കുന്നത് നായികയായ മമിതക്കും സംഗീതമൊരുക്കിയ സായ് അഭ്യങ്കറിനുമാണ്.
വ്യത്യസ്തമായ സ്വീകാര്യതയാണ് രണ്ട് സിനിമക്കും ലഭിച്ചതെങ്കിലും തമിഴ് സിനിമയുടെ ഭാവി പ്രദീപിന്റെയും ധ്രുവിന്റെയും കൈയില്‍ ഭദ്രമാണെന്ന് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നുണ്ട്. നടനായും താരമായും തിളങ്ങാന്‍ ഇരുവര്‍ക്കും സാധിക്കുമെന്നാണ് സിനിമാ അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഇരുവരുടെയും സ്‌ക്രിപ്റ്റ് സെലക്ഷനെയും ചിലര്‍ അഭിനന്ദിക്കുന്നുണ്ട്.
Content Highlight: Bison movie still got Housefull shows after the clash with Dude movie