| Sunday, 23rd November 2025, 4:46 pm

കൊടുക്കില്ലെന്നറിയാം, എന്നാലും അടുത്ത നാഷണല്‍ അവാര്‍ഡ് ധ്രുവിന് തന്നെ, ഒ.ടി.ടി റിലീസിലും പ്രശംസകളേറ്റുവാങ്ങി ബൈസണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം തമിഴിലെ ഏറ്റവും മികച്ച സിനിമകളിലൊന്ന് എന്ന വിശേഷണം ലഭിച്ച ചിത്രമാണ് ബൈസണ്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്പാണ് ലഭിക്കുന്നത്. ചിത്രം തിയേറ്ററില്‍ കാണാനാകാത്തകവരുടെ നിരാശയാണ് കൂടുതലും.

ഇത്രയും നല്ല സിനിമ തിയേറ്ററില്‍ നിന്ന് കാണാത്തതില്‍ സ്വയം ദേഷ്യം തോന്നുന്നു എന്നാണ് പല പോസ്റ്റുകളും പറയുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമ എന്നതിനപ്പുറം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയെന്നും ബൈസണെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നുണ്ട്. ചിത്രത്തിലെ നായകനായ ധ്രുവ് വിക്രമിനും ധാരാളം പ്രശംസ ഒ.ടി.ടി റിലീസിന് ശേഷം ലഭിക്കുന്നുണ്ട്.

രണ്ട് വര്‍ഷത്തോളം സമയമെടുത്ത് ചെയ്ത സിനിമ വെറുതേയായില്ലെന്നും ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ച വെച്ചതെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. വിക്രം എന്ന ഗംഭീര പെര്‍ഫോമറുടെ മകന്‍ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും കമന്റുകളുണ്ട്. വരുംകാലങ്ങളില്‍ തമിഴ് ഇന്‍ഡസ്ട്രിയില്‍ ധ്രുവ് തന്റേതായ സ്ഥാനം നേടുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ചിത്രത്തിലെ പ്രകടനത്തിന് ധ്രുവ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്നുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അത് നടക്കില്ലെന്ന് അറിയാമെന്നും എക്‌സില്‍ ഒരാള്‍ പോസ്റ്റ് പങ്കുവെച്ചു. നടനെന്ന നിലയില്‍ ധ്രുവ് സ്വയം അടയാളപ്പെടുത്തിയ ചിത്രമായി ബൈസണെ കണക്കാക്കാമെന്നും പോസ്റ്റുകളുണ്ട്.

ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കും പ്രത്യേക ഫാന്‍ ബേസുണ്ട്. ഒന്നോ രണ്ടോ ഡയലോഗുകളില്‍ ജാതിവ്യവസ്ഥക്കെതിരെ ശക്തമായി സംസാരിക്കുന്ന ചിത്രമെന്നാണ് ബൈസണെക്കുറിച്ചുള്ള അഭിപ്രായം. നായകനെയും കൂട്ടി ഹോട്ടലില്‍ കയറുന്ന അധ്യാപകനോട് നായകന്‍ നമ്മുടെ കൂട്ടരാണോ എന്ന് നാട്ടുകാരിലൊരാള്‍ ചോദിക്കുന്ന സീനുണ്ട്. ‘ചോറ് തന്നെയല്ലേ തിന്നാന്‍ വന്നത്’ എന്ന മറുചോദ്യത്തില്‍ മാരി സെല്‍വരാജ് എന്ന സംവിധായകന്റെ ധൈര്യം എടുത്തുകാണിക്കുന്നുണ്ടെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.

അമീര്‍ അവതരിപ്പിച്ച പാണ്ഡിരാജ് എന്ന കഥാപാത്രം ‘ആരും മേലെയുമല്ല, താഴെയുമല്ല, എല്ലാവരും സമന്മാരാണ്. ഇത് തിരിച്ചറിയാതെ പലരും പോരാടുകയാണ്’ എന്ന ഡയലോഗിനെയും പ്രത്യേകം എടുത്ത് പരാമര്‍ശിക്കുന്നുണ്ട്. ലാല്‍ അവതരിപ്പിച്ച കന്തസാമി എന്ന കഥാപാത്രത്തിന് നെഗറ്റീവ് ഷെയ്ഡ് നല്കാതിരുന്നതും മികച്ച നീക്കമായെന്നും അഭിപ്രായപ്പെടുന്നുണ്ട്. തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ ഹിറ്റായ ചുരുക്കം സിനിമകളിലൊന്നായി ബൈസണ്‍ മാറിയിരിക്കുകയാണ്.

Content Highlight: Bison movie gets huge appreciation after OTT Release

We use cookies to give you the best possible experience. Learn more